'സൈക്കിള്‍ ചവിട്ടാന്‍ ലൈസന്‍സ് വേണം'; നിവേദനവുമായി നാലാം ക്ലാസുകാരന്‍ പൊലീസ് സ്റ്റേഷനില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2022 07:51 AM  |  

Last Updated: 26th March 2022 07:51 AM  |   A+A-   |  

electric cycle in india

Image Source : TOUTCHE.COM


നെടുങ്കണ്ടം: സൈക്കിൾ റോഡിലൂടെ ഓടിക്കാൻ ലൈസൻസ് തേടി നാലാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ. നെടുങ്കണ്ടം ഹണി കോട്ടേജിൽ ഗ്രീഷ്മ – രാജേഷ് ദമ്പതികളുടെ മകൻ ദേവനാഥ് ആണ് നിവേദനവുമായി വെള്ളിയാഴ്ച സ്റ്റേഷനിലെത്തിയത്. 

ബുക്കിൽ നിന്നെടുത്ത കടലാസിൽ നിവേദനവും എഴുതിയാണ് ദേവനാഥ് സ്റ്റേഷനിലെത്തിയത്. ‘സാർ, എനിക്ക് സൈക്കിൾ ഓടിക്കാൻ അനുവാദം തരണം. റോഡിൽ കൂടി ഓടിക്കാൻ ലൈസൻസ് തരണം. താഴ്മയോടെ അപേക്ഷിക്കുന്നു, നന്ദി എന്നാണ് എഴുതിയിരുന്നത്. നിവേദനം കണ്ട് അമ്പരന്ന പൊലീസ് കാര്യം തിരക്കി. 

സ്കൂളിലേക്കും  സൈക്കിളിൽ പോകാൻ ആഗ്രഹം

ദേവനാഥിന് 3 മാസം മുൻപാണ് അബുദാബിയിൽ നിന്നെത്തിയ അമ്മാവന്മാർ വിദേശ നിർമിതവും ഗിയറുള്ളതുമായ സൈക്കിൾ നൽകിയത്. സൈക്കിളിൽ കയറാൻ ആദ്യം കാൽ എത്തിയിരുന്നില്ല. 3 മാസമെടുത്താണ് സൈക്കിൾ ഓടിച്ചു പഠിച്ചത്. പഠിച്ച് കഴിഞ്ഞതോടെ സ്കൂളിലേക്കും മറ്റും സൈക്കിളിൽ പോകാൻ ദേവനാഥിന് ആഗ്രഹം. എസ്എച്ച് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ദേവനാഥ്.

എന്നാൽ അമ്മയോട് ആ​ഗ്രഹം പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. റോഡിലൂടെ സൈക്കിൾ ഓടിക്കണമെങ്കിൽ ലൈസൻസ് വേണമെന്ന് അമ്മ പറഞ്ഞ് വിശ്വസിപ്പിച്ചു. ലൈസൻസില്ലാതെ സൈക്കിളോടിച്ചാൽ സൈക്കിൾ പൊലീസ് പിടിച്ചെടുക്കുമെന്നും അമ്മ പറഞ്ഞു. ഇതോടെ ലൈസൻസ് എവിടെ കിട്ടുമെന്നായി ദേവനാഥിന്റെ അന്വേഷണം. പൊലീസ് സ്റ്റേഷനിൽ ചെന്ന് അപേക്ഷ നൽകിയാലോ കാര്യം നടക്കൂ എന്ന് അമ്മ പറഞ്ഞു. ഇതോടെയാണ് അച്ഛനും അമ്മയും വീട്ടിലില്ലാത്ത തക്കം നോക്കി ദേവനാഥ് സ്റ്റേഷനിലെത്തിയത്.