ഇന്നും മഴ; ഇടിമിന്നൽ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th March 2022 11:10 AM |
Last Updated: 27th March 2022 11:10 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഇടിയോട് കൂടിയ മഴക്ക് സാധ്യത. തെക്ക്-കിഴക്കൻ അറബിക്കടലിലും തെക്കുപടിഞ്ഞാറൻ അറബിക്കടലിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത. മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ മാസം 30 വരെ സംസ്ഥാനത്ത് ഉടനീളം ശക്തമായ മഴ ലഭിക്കും. ചൊവ്വാഴ്ച എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ബുധനാഴ്ചയോടെ മഴ കുറയും. മഴയ്‌ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് ശേഷമാണ് ഇടിമിന്നലിന് സാദ്ധ്യത.
കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും മഴക്ക് സാധ്യതയുണ്ട്. ആന്ധ്രപ്രദേശിന്റെ തീരപ്രദേശങ്ങളിലും മഴ പെയ്യുമെന്ന് പ്രവചനമുണ്ട്. അതേസമയം, തെക്കൻ ഹരിയാന, പടിഞ്ഞാറൻ രാജസ്ഥാൻ, വടക്കൻ മധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വടക്ക്-കിഴക്കൻ ഇന്ത്യയിലും ഉയർന്ന ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.