അടുത്ത അധ്യയനവര്‍ഷം ജൂണ്‍ ഒന്നുമുതല്‍, പ്രവേശനോത്സവം സംഘടിപ്പിക്കും: മന്ത്രി വി ശിവന്‍കുട്ടി 

ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നതായി വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി
മന്ത്രി വി ശിവന്‍കുട്ടി / ഫയല്‍ ചിത്രം
മന്ത്രി വി ശിവന്‍കുട്ടി / ഫയല്‍ ചിത്രം

തിരുവനന്തപുരം:  ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നതായി വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട് എസ്‌സിഇആര്‍ടി,എസ്എസ്‌കെ തുടങ്ങിയ എല്ലാ ഏജന്‍സികളുടെയും അധ്യാപക സംഘടനകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേരുകയും ആലോചനകള്‍ നടത്തുകയും ചെയ്യും. ജൂണ്‍ 1 ന് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഭിന്നശേഷി കുട്ടികളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിഗണന പുതിയ അധ്യയന വര്‍ഷത്തില്‍ ഉണ്ടാകും.സ്‌കൂള്‍ തുറക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ പ്രധാനമായും പൊതുവിദ്യാഭ്യാസ,  ആരോഗ്യ,  ഗതാഗത തദ്ദേശസ്വയംഭരണ, വകുപ്പുകള്‍ സംയുക്തമായി നടത്തും.
ജൂണ്‍ 1 ന് പ്രവേശനോത്സവം നടത്തിയാണ് സ്‌കൂള്‍ തുറക്കുന്നത്.സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ഡിജിറ്റല്‍ ഉപകരണങ്ങളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നതിന് ഡിജിറ്റല്‍ ക്ലിനിക്കുകളുടെ സേവനം സ്‌കൂളുകളില്‍ ഉണ്ടാവും.

പിടിഎ കള്‍ പുനസംഘടിപ്പിക്കുന്നതിനും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും വിശദമായ മാര്‍ഗരേഖ പുറത്തിറക്കും.അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കുന്നതിന് സ്‌കൂളുകളില്‍ മെയ് മാസത്തില്‍ ശില്‍പശാലകള്‍ നടത്തും.മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള പൊതുനിര്‍ദ്ദേശങ്ങള്‍ സംസ്ഥാനതലത്തില്‍പുറപ്പെടുവിക്കും. സ്‌കൂളിന്റെ സമഗ്ര വികസനം മുന്നില്‍ കണ്ടാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കേണ്ടത്.

1 മുതല്‍ 7 വരെയുള്ള അധ്യാപകരുടെ പരിശീലനം മെയ് മാസത്തില്‍ നടത്താനുള്ള രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.ബാക്കിയുള്ള അധ്യാപകരുടെ പരിശീലനം പേപ്പര്‍ വാല്യുവേഷന് ശേഷം വിവിധ സമയങ്ങളിലായി പൂര്‍ത്തിയാക്കാമെന്നാണ് കരുതുന്നത്.
എസ്‌സിഇആര്‍ടി, എസ്എസ്‌കെ, കൈറ്റ്, സീമാറ്റ് തുടങ്ങി എല്ലാ ഏജന്‍സികളുടെയുംസഹകരണത്തോടെ അധ്യാപക പരിശീലന മൊഡ്യൂള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിജിലന്‍സ്ശക്തിപ്പെടുത്തും.അഴിമതി വെച്ചു പൊറുപ്പിക്കില്ല.സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പാഠപുസ്തകം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com