'മുസ്ലീം സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ശിരോവസ്ത്രം ഉപയോ​ഗിക്കണം'- ഹിജാബ് നിരോധനത്തിനെതിരെ സമസ്ത സുപ്രീം കോടതിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2022 11:05 AM  |  

Last Updated: 27th March 2022 11:05 AM  |   A+A-   |  

Karnataka Hijab Row

ഫയല്‍ ചിത്രം

 

ന്യൂഡൽഹി: ഹിജാബ് നിരോധനത്തിനെതിരെ സമസ്ത കേരള ജംയത്തുൽ ഉലമ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. കർണാടക ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. മുസ്ലീം സ്ത്രീകൾക്ക് ഹിജാബ് അനിവാര്യമാണെന്ന് സമസ്ത ഹർജിയിൽ പറയുന്നു. ഇതാദ്യമായാണ് കേരളത്തിൽ നിന്ന് ഒരു സംഘടന വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്നത്.  

നിരോധനം ക്രൂരമായ നാസി പ്രത്യയശാസ്ത്രത്തിന്റെ തനിയാവർത്തനമാണെന്ന് സമസ്ത ഹർജിയിൽ പറയുന്നു. മുസ്ലീം സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ തലമുടിയും കഴുത്തും ശിരോവസ്ത്രമുപയോ​ഗിച്ച് മറയ്ക്കണമെന്ന് ഖുറാൻ നിഷ്കർഷിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

ഭരണഘടനയുടെ 25ാം അനുച്ഛേദം നിഷ്കർഷിക്കുന്ന മതാചാരം പാലിക്കുന്നതിന് പൗരന് നൽകുന്ന അനുമതി നിഷേധിക്കുന്നതാണ് കർണാടക ഹൈക്കോടതി ഉത്തരവെന്ന് ഹർജിയിൽ പറയുന്നു. ഹിജാബ് അനുപേക്ഷണീയമായ മതാചാരമാണ്. ഖുറാനിലെ രണ്ട് വചനങ്ങളെ തന്നെ ആധാരമാക്കിയാണ് ഹൈക്കോടതി നിരോധനം ശരിവച്ചിരിക്കുന്നത്. എന്നാൽ ഈ വചനങ്ങളെ തെറ്റായി വ്യാഖ്യാനിച്ചാണ് ഉത്തരവ് എന്നും ഹർജിയിൽ വ്യക്തമാക്കുന്നു.