പിന്‍കഴുത്തില്‍ വെട്ടേറ്റു; ആദിവാസി യുവാവിന്റെ മരണം കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2022 03:14 PM  |  

Last Updated: 27th March 2022 03:14 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം


പാലക്കാട്: മണ്ണാര്‍ക്കാട് ആനമൂളി വനത്തില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം.
പാലവളവ് ഊരിലെ ബാലന്‍ ആണ് കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ ബാലന്റെ സുഹൃത്ത് കൈതച്ചിറ കോളനിയിലെ ചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്‍കഴുത്തിലേറ്റ വെട്ടാണ് ബാലന്റെ മരണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

ബാലന്റെ കഴുത്തിലും തലയിലും വെട്ടേറ്റ പാടുകളുണ്ടായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ ചന്ദ്രനെ പൊലീസ് വിശദമായി ചോദ്യംചെയ്യുകയാണ്.

വനവിഭവങ്ങള്‍ ശേഖരിക്കാനാണ് ബാലന്‍ കഴിഞ്ഞ ദിവസം ഉരുളന്‍കുന്ന് വനത്തിലേക്ക് പോയത്. പിന്നീട് കാണാതാവുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാലനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.