17 മീറ്റര്‍ നീളം; 60 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം; കെഎസ്ആര്‍ടിസി വെസ്റ്റിബുള്‍ ബസ് സര്‍വീസ് ആരംഭിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2022 07:47 PM  |  

Last Updated: 28th March 2022 07:47 PM  |   A+A-   |  

ksrtc

ഫയല്‍ ചിത്രം

 

കൊല്ലം: കെഎസ്ആര്‍ടിസിയുടെ നീളന്‍ ബസ് വെസ്റ്റിബുള്‍ കൊല്ലത്ത് സര്‍വീസ് ആരംഭിച്ചു. കുണ്ടറ-ചവറ റൂട്ടില്‍ ചെയിന്‍ സര്‍വീസായി ആണ് വെസ്റ്റിബുള്‍ കഴിഞ്ഞ ദിവസം സര്‍വീസ് ആരംഭിച്ചത്. 17 മീറ്റര്‍ നീളത്തില്‍ രണ്ട് ബസുകള്‍ ചേര്‍ത്ത് വച്ച രീതിയിലാണ് ബസ് നിര്‍മിച്ചിരിക്കുന്നത്. 60 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനാകും. കൂടുതല്‍ യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യുവാനും ബസില്‍ സൗകര്യം ഉണ്ട്. 

നഗരപ്രാദേശിക റൂട്ടുകളില്‍ ചെയിന്‍ സര്‍വീസായി ഉപയോഗിക്കാനാണ് ഈ ബസുകള്‍ നിരത്തിലിറക്കിയത്. നിലവില്‍ ഇത്തരത്തിലുള്ള ഒരു ബസ് മാത്രമാണ് കെഎസ്ആര്‍ടിസിയില്‍ ഉള്ളത്. ആദ്യം പേരൂര്‍ക്കട ഡിപ്പോയിലും പിന്നീട് വിതുരയിലും സര്‍വീസ് നടത്തിയതിന് ശേഷമാണ് ബസ് കൊല്ലത്ത് സര്‍വീസിനായി എത്തിച്ചത്. 

സ്വകാര്യ ബസ് പണിമുടക്ക് ആയതിനാല്‍ 2 ദിവസം നല്ല തിരക്കാണ് ബസില്‍ അനുഭവപ്പെട്ടത്. കൊല്ലം നഗരത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത് കുണ്ടറ, ചവറ റൂട്ടുകളിലാണ്. സ്വകാര്യ ബസുകള്‍ പണിമുടക്കിയതോടെ ഈ റൂട്ടുകളില്‍ രൂക്ഷമായ ഗതാഗത പ്രശ്‌നമാണ് അനുഭവപ്പെട്ടത്. അതിനാല്‍ വെസ്റ്റിബുള്‍ സര്‍വീസിന് നല്ല സ്വീകാര്യതയാണ് യാത്രക്കാരില്‍ നിന്ന് ലഭിച്ചത്. 

സ്വകാര്യ ബസ് സമരം പിന്‍വലിച്ചതിനാല്‍ പൊതുപണിമുടക്ക് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ റൂട്ടില്‍ ലാഭകരമായി സര്‍വീസ് നടത്താനാകുമോ എന്ന് അറിയിനാകു. കൂടുതല്‍ വെസ്റ്റിബുള്‍ ബസുകള്‍ വാങ്ങാനുള്ള ഒരുക്കത്തിലാണ് കെഎസ്ആര്‍ടിസി. സംസ്ഥാനത്തെ വിവിധ റൂട്ടുകളില്‍ സര്‍വീസിന്റെ സ്വീകാര്യത അറിയുവാന്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ഭാഗമായി ആണ് ബസ് കൊല്ലം ഡിപ്പോയില്‍ സര്‍വീസ് നടത്തുന്നത്. 

വെസ്റ്റിബുള്‍ സര്‍വീസുകളിലൂടെ കെഎസ്ആര്‍ടിസിക്ക് ഇന്ധന ലാഭവും കൂടുതല്‍ യാത്രക്കാരെ കയറ്റുന്നതിലൂടെ വരുമാന വര്‍ധനവും ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. രാവിലെ 7.10ന് കൊല്ലം ഡിപ്പോയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. ചവറ-ചിന്നക്കട-കുണ്ടറ റൂട്ടിലാണ് ബസ് ചെയിന്‍ സര്‍വീസ് നടത്തുന്നത്.