അഞ്ചാം വയസ്സിൽ ഒന്നാം ക്ലാസിൽ ചേരാം; പ്രവേശനം നിലവിലുള്ള രീതിയിൽ തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2022 08:11 AM  |  

Last Updated: 28th March 2022 08:11 AM  |   A+A-   |  

school opening in kerala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിനു നിലവിലുള്ള രീതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്ക് ഒന്നാം ക്ലാസിലേക്ക് അഞ്ചാം വയസ്സിൽ പ്രവേശനം നൽകുമെന്ന് മന്ത്രി പറഞ്ഞു.  കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പിലാകുമ്പോൾ ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസ്സിലാണെന്ന വാർത്തകളിൽ വ്യക്തത വരുത്തുകയായിരുന്നു അദ്ദേഹം. 

ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നതായും മന്ത്രി അറിയിച്ചു. ജൂണ്‍ 1ന് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ 1 ന് പ്രവേശനോത്സവം നടത്തിയാണ് സ്‌കൂള്‍ തുറക്കുന്നത്. ഇതിനാവശ്യമായ തയ്യാറെടുപ്പുകള്‍ പ്രധാനമായും പൊതുവിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത തദ്ദേശസ്വയംഭരണ, വകുപ്പുകള്‍ സംയുക്തമായി നടത്തും. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ഡിജിറ്റല്‍ ഉപകരണങ്ങളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നതിന് ഡിജിറ്റല്‍ ക്ലിനിക്കുകളുടെ സേവനം സ്‌കൂളുകളില്‍ ഉണ്ടാവും, ശിവൻകുട്ടി പറ‍ഞ്ഞു. ഭിന്നശേഷി കുട്ടികളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിഗണന പുതിയ അധ്യയന വര്‍ഷത്തില്‍ ഉണ്ടാകും.