കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്; ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2022 07:05 AM  |  

Last Updated: 28th March 2022 07:05 AM  |   A+A-   |  

dileep

കേസിലെ പ്രതി ദിലീപ്/ഫയല്‍

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലിപിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും.  രാവിലെ പത്തിന് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ എത്തിയിരുന്നോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. 

കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടത്തിയ ശ്രമങ്ങള്‍, മുഖ്യപ്രതിയുമായുളള ദിലീപിന്റെ അടുപ്പം സംബന്ധിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അടക്കമുളളവര്‍ നല്‍കിയിട്ടുള്ള മൊഴി തുടങ്ങിയവയും ചോദ്യം ചെയ്യലില്‍ വിശദമായി പരിശോധിക്കും. ദിലീപിന്റെ ഫോണിലേക്ക് വിചാരണ കോടതി രേഖകള്‍ അയച്ചത് ആരെന്നും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

ദിലീപിന്റെ ഫോണിൽനിന്ന് നശിപ്പിച്ച രേഖകളുടെ കൂട്ടത്തിൽ സുപ്രധാന കോടതിരേഖകളുണ്ടെന്നാണ്‌ സൈബർ വിദ​ഗ്ധൻ  സായ് ശങ്കർ ക്രൈംബ്രാഞ്ചിന്‌ മൊഴി നൽകിയിട്ടുള്ളത്‌. മറ്റൊരു വാട്സ് ആപ് നമ്പറിൽ നിന്നാണ് ഈ രേഖകൾ അയച്ചിട്ടുള്ളത്. ദിലീപിന്റെ അഭിഭാഷകൻ നിർദേശിച്ചതനുസരിച്ചാണ് ഫോണിലെ വിവരങ്ങൾ നീക്കിയതെന്ന് സായ് ശങ്കർ മൊഴി നൽകി. ഇത് ഒരിക്കലും പുറത്ത് വരാൻ പാടില്ലാത്ത കോടതി രേഖകളാണെന്ന് അഭിഭാഷകൻ പറഞ്ഞെന്ന് സായ് വ്യക്തമാക്കിയിട്ടുണ്ട്. 

ദിലീപ് ഈ ഘട്ടത്തിൽ അടുത്തുണ്ടായിരുന്നു. ഫോണിലെ വിവരങ്ങൾ നീക്കുന്നതിനിടെ ദിലീപ് അറിയാതെ ഫോൺ രേഖകൾ താൻ സ്വന്തം നിലയിൽ കോപ്പി ചെയ്തു വെച്ചെന്നും ഹാക്കർ മൊഴിനൽകിയിട്ടുണ്ട്. മൊഴി സത്യമെന്ന് തെളിഞ്ഞാൽ, പകർപ്പെടുക്കാൻ അനുവാദമില്ലാത്ത കോടതിരേഖകൾ എങ്ങനെ ദിലീപിന്റെ ഫോണിൽ എത്തിയെന്നത്‌ ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കും.

നടിയെ ആക്രമിച്ച കേസ്‌ അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വാട്സാപ് ചാറ്റുകളുൾപ്പെടെ പ്രധാന തെളിവുകൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. സായ് ശങ്കറിന്റെ സഹായത്തോടെയാണ് ഇതെന്ന് കണ്ടെത്തിയ ക്രൈംബ്രാഞ്ച് ഇയാളെ മുമ്പ്‌ ചോദ്യം ചെയ്തിരുന്നു.