കെ റെയില്‍ എന്നെഴുതിയ കല്ലിടാന്‍ അനുമതിയുണ്ടോ?; അനുമതിയില്ലാതെ വീടുകളില്‍ കയറുന്നത് എന്ത് അടിസ്ഥാനത്തില്‍?; ചോദ്യങ്ങളുമായി ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2022 02:34 PM  |  

Last Updated: 28th March 2022 02:34 PM  |   A+A-   |  

Is it permissible to stone K Rail ?; High Court

ഫയല്‍ ചിത്രം

 

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സർവേയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. കെ റെയില്‍ എന്നെഴുതിയ കല്ലിടാന്‍ അനുമതിയുണ്ടോയെന്ന് കോടതി ചോദിച്ചു. മുന്‍കൂട്ടി അനുമതിയില്ലാതെ വീടുകളില്‍ കയറുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ഏതു പദ്ധതി ആയാലും നിയമപരമായി നടത്തണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

കെ റെയില്‍ എന്നു രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന്‍ ബെഞ്ച് എവിടെയാണ് അനുമതി നല്‍കിയത്. അങ്ങനെയുണ്ടെങ്കില്‍ ആ ഉത്തരവ് നാളെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. കെ റെയില്‍ സര്‍വേക്കെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്. പദ്ധതിക്ക് കോടതി എതിരല്ല. സര്‍വേയില്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവുപ്രകാരം സര്‍ക്കാരിന് മുന്നോട്ടുപോകാം. എന്നാല്‍ സര്‍വേ നടത്തേണ്ടത് ഇങ്ങനെയാണോ എന്ന പുനരാലോചന വേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ കടന്നുകയറി കല്ലിട്ടു പോകുന്നത് ശരിയായ നടപടിക്രമമല്ല. ജനങ്ങളെ കാര്യമറിയിക്കാതെ വീട്ടിലെത്തുന്നത് നിയമപരമാണോയെന്നും കോടതി ചോദിച്ചു. ജനങ്ങളുടെ വേദന കോടതിക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല. ജനങ്ങളെ ഭയപ്പെടുത്താതെ നിയമപരമായി മുന്നോട്ടുപോകണം.  പദ്ധതിക്ക് എതിരല്ലെന്നും സര്‍വേയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.