'ഫോണിൽ സംസാരിക്കുമ്പോൾ പുറത്ത് കരച്ചിൽ', പാലക്കാട് കുട്ടികളെ മർദ്ദിച്ച സംഭവം: ശിശുക്ഷേമ സമിതി സെക്രട്ടറി രാജിവെച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 09:48 AM  |  

Last Updated: 29th March 2022 09:48 AM  |   A+A-   |  

child attacked

പ്രതീകാത്മക ചിത്രം

 

പാലക്കാട്: അയ്യപുരത്ത് ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികളെ മർദിച്ച സംഭവത്തിൽ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി രാജിവെച്ചു. ആരോപണവിധേയനായ സെക്രട്ടറി കെ വിജയകുമാർ ആണ് രാജിവെച്ചത്. കുട്ടികൾക്ക് മർദനമേറ്റതിനെ കുറിച്ച് ജില്ലാ കലക്ടർ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജി. വിജയകുമാറിനെതിരെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

മാതാപിതാക്കൾ ഉപേക്ഷിക്കുന്ന നവജാത ശിശുക്കൾ മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികളെയാണ് ശിശു പരിചരണ കേന്ദ്രത്തിൽ താമസിപ്പിക്കുന്നത്. ശിശുക്ഷേമ സമിതി സെക്രട്ടറി ഫോണിൽ സംസാരിക്കുമ്പോൾ കുട്ടികൾ കരയുന്നതാണ് മർദനത്തിന് കാരണമെന്നും പല തവണ സ്കെയിൽ വെച്ച് കുട്ടികളെ തല്ലിയിട്ടുണ്ടെന്നും കുട്ടികളുടെ ആയ ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.

പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ഡിസ്ട്രിക് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് നിർദേശം നൽകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നും കലക്ടർ അറിയിച്ചു.