'പണിമുടക്കാനുള്ള അവകാശം എണ്ണമറ്റ പോരാട്ടങ്ങളിലൂടെ നേടിയെടുത്തത്; അത് കോടതിക്ക് എങ്ങനെ നിഷേധിക്കാനാവും?': കാനം രാജേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 08:21 PM  |  

Last Updated: 29th March 2022 08:21 PM  |   A+A-   |  

kanamrajendran

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന് എതിരെ സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തിയ രണ്ടുദിവസത്തെ ദേശീയപണിമുടക്ക് വിജയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പണിമുടക്കാനുള്ള തൊഴിലാളികളുടെ അവകാശം കോടതികള്‍ക്ക് എങ്ങനെ നിഷേധിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'എല്ലാ ഭീക്ഷണികളെയും നേരിട്ട് ദേശീയ ദ്വിദിന പൊതുപണിമുടക്ക് വന്‍ വിജയമാക്കിയ തൊഴിലാളികളേയും പൊതുസമൂഹത്തെയും അഭിവാദ്യം ചെയ്യുന്നു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഐക്യപ്രകടനമാണ് കോടതി പോലും പണിമുടക്കിന് എതിരായ നിലപാട് സ്വീകരിച്ചപ്പോള്‍ അതു തള്ളിക്കളഞ്ഞ് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കുചേര്‍ന്നത്. പണിമുടക്കാനുള്ള അവകാശം തൊഴിലാളികള്‍ എണ്ണമറ്റ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. അതു നിഷേധിക്കാന്‍ കോടതികള്‍ക്ക് എങ്ങനെ കഴിയും?. ഈ പണിമുടക്ക് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. പണിമുടക്ക് നല്‍കുന്ന മുന്നറിയിപ്പ് മനസിലാക്കാന്‍ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ നടപടികളില്‍ നിന്നും പിന്മാറാനും ഇനിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവരണം'-കാനം രാജേന്ദ്രന്‍ പ്രസ്താവനയില്‍ അറിയിച്ചു.

നേരത്തെ കോടതി വിധിക്ക് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തുവന്നിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ പണി മുടക്കരുതെന്ന കോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.  ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ടു മാത്രമല്ല, നാളെ ശമ്പള വര്‍ധനവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയും പണിമുടക്കാനുള്ള അവകാശം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതോടെ ഇല്ലാതാകുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നേരത്തെ ഹൈക്കോടതി ബന്ദ് നിരോധിച്ചു. ഇപ്പോള്‍ ഹൈക്കോടതി സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളിയാണ്. ഒരു പ്രതികരണവും പാടില്ല. നാവടക്കൂ.. പണിയെടുക്കൂ എന്ന അടിയന്തരാവസ്ഥയുടെ ശബ്ദമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇത്തരം നിലപാടുകള്‍ പുനഃപരിശോധിക്കാന്‍ ജുഡീഷ്യറി തയ്യാറാകണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.