'നികൃഷ്ടമായ വിലക്ക്'; മന്‍സിയയ്ക്ക് വേദി ഒരുക്കും: എഐവൈഎഫ്

By സമകാലികമലയാളം ഡെസ്‌ക്  |   Published: 30th March 2022 02:42 PM  |  

Last Updated: 30th March 2022 02:42 PM  |   A+A-   |  

aiyf-masniya

എഐവൈഎഫ് പതാക, മന്‍സിയ

 

തിരുവനന്തപുരം: തൃശൂര്‍ കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതില്‍ നിന്ന് വി പി മന്‍സിയയെ വിലക്കിയ നടപടി സാംസ്‌കാരിക-മതേതര കേരളത്തിന് അപമാനമാണെന്ന് എഐവൈഎഫ്. കേരളം പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന നവോന്ഥാന സമരങ്ങളിലൂടെയാണ് ജാതിമത അന്ധവിശ്വാസങ്ങളെ ചെറുത്തു തോല്‍പ്പിച്ചത്. ഇത്തരം അനാചാരങ്ങള്‍ തിരികെ കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം.-എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. 

മതങ്ങള്‍ക്കതീതമായി കലാ സൃഷ്ടികള്‍ മനുഷ്യമനസ്സുകളില്‍ സ്വാധീനം ചെലുത്തുന്ന വര്‍ത്തമാന കാലത്ത് ഇത്തരം നികൃഷ്ടമായ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നത് പ്രതിഷേധാര്‍ഹമാണ്.  വിപി മന്‍സിയക്ക് നൃത്തം അവതരിപ്പിക്കാനുള്ള വേദിയൊരുക്കുവാന്‍ എഐവൈഎഫ് തയ്യാറാണെന്നും സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും,സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിലൂടെ അറിയിച്ചു.

ഏപ്രില്‍ 21ന് നടത്താനിരുന്ന പരിപാടിയില്‍ നിന്നാണ് മന്‍സിയയെ ഒഴിവാക്കിയത്. അഹിന്ദു ആയതിനാല്‍ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ നടക്കുന്ന പരിപാടിയില്‍ നിന്ന് ഒഴിവാക്കേണ്ടിവന്നത് എന്നാണ് ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം.