ലോകായുക്ത ഓര്‍ഡിനന്‍സ് പുതുക്കാന്‍ മന്ത്രിസഭാ തീരുമാനം, എതിര്‍പ്പ് അറിയിച്ച് സിപിഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2022 11:51 AM  |  

Last Updated: 30th March 2022 11:51 AM  |   A+A-   |  

k_rajan

മന്ത്രി കെ രാജന്‍ / ഫയല്‍

 

തിരുവനന്തപുരം: ലോകായുക്തയുടെ വിധി അതേപടി അംഗീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമല്ലെന്ന, നിയമഭേദഗതി ഓര്‍ഡിനന്‍സ് പുതുക്കിയിറക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. സിപിഐയുടെ എതിര്‍പ്പിനിടെയാണ്, ഓര്‍ഡിനന്‍സ് പുതുക്കാനുളള തീരുമാനം.

ഓര്‍ഡിനന്‍സ് പുതുക്കുന്നതില്‍ സിപിഐയ്ക്ക് ഭിന്ന അഭിപ്രായമാണുള്ളതെന്ന് മന്ത്രി കെ രാജന്‍ യോഗത്തില്‍ അറിയിച്ചു. ഓര്‍ഡിനന്‍സ് ബില്‍ ആയി ചര്‍ച്ചയ്ക്കു വരുമ്പോള്‍ ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് ഓര്‍ഡിനന്‍സ് അംഗീകരിക്കുകയായിരുന്നു.

പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതിക്കേസുകളില്‍ ലോകായുക്തയുടെ വിധി അതേപടി അംഗീകരിക്കാന്‍ സര്‍ക്കാരിനു ബാധ്യതയില്ലെന്നാണ് ഓര്‍ഡിന്‍സ്. മുഖ്യമന്ത്രി, ഗവര്‍ണര്‍, സര്‍ക്കാര്‍ എന്നിവര്‍ക്ക് ഹിയറിങ് നടത്തിയ വിധി അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതി. വിധി വന്നു മൂന്നു മാസത്തിനകം ബന്ധപ്പെട്ട അധികാരി അതു തള്ളിയില്ലെങ്കില്‍ അംഗീകരിച്ചതായി കണക്കാക്കുമെന്നും ഭേദഗതിയില്‍ പറയുന്നു. ലോകായുക്ത വിധി അതേപടി അംഗീകരിക്കാന്‍ സര്‍ക്കാരിനെ ബാധ്യസ്ഥമാക്കുന്നതാണ് 1999ലെ നിയമം.

ഓര്‍ഡിന്‍സ് ഇറക്കിയതില്‍ സിപിഐ നേരത്തെ തന്നെ എതിര്‍പ്പ് അറിയിച്ചിരുന്നു. സിപിഐയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ സഭാ സമ്മേളനത്തില്‍ ഭേദഗതി ബില്‍ അവതരിപ്പിച്ചിരുന്നില്ല.