സ്വിച്ച് ബോര്‍ഡിലെ തീപ്പൊരി ഹാളിലേക്കു പടര്‍ന്നു, വീട്ടിനുള്ളില്‍ വിഷപ്പുക നിറഞ്ഞു; വര്‍ക്കല കൂട്ടമരണത്തില്‍ ഫയര്‍ ഫോഴ്‌സ് റിപ്പോര്‍ട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2022 10:41 AM  |  

Last Updated: 30th March 2022 10:41 AM  |   A+A-   |  

Five killed in Varkala house fire

അപകടത്തിൽ മരിച്ചവർ/ ടെലിവിഷൻ ദൃശ്യം

 

തിരുവനന്തപുരം: വര്‍ക്കലയില്‍ ഒരു വീട്ടിലെ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ ഉണ്ടായ തീപ്പൊരിയില്‍ നിന്നാണെന്ന് ഫയര്‍ഫോഴ്‌സിന്റെ റിപ്പോര്‍ട്ട്. സ്വിച്ച് ബോര്‍ഡില്‍നിന്നുണ്ടായ തീയാണ് അകത്തേക്കു പടര്‍ന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പച്ചക്കറി മൊത്ത വ്യാപാരി പ്രതാപന്‍ (62), ഭാര്യ ഷേര്‍ളി (53), മകന്‍ അഹില്‍(29), മകന്‍ നിഹിലിന്റെ ഭാര്യ അഭിരാമി (25) ഇവരുടെ മകന്‍ റയാന്‍ (8 മാസം) എന്നിവരാണ് ഈ മാസം എട്ടിന് ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചത്. നിഹിലി(32)നെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്ത മകന്‍ രാഹുല്‍ വിദേശത്തായിരുന്നു.

സ്വിച്ച് ബോര്‍ഡിലെ തീപ്പൊരിയില്‍നിന്നുണ്ടായ തീ കേബിള്‍ വഴി ഹാളിലേക്കെത്തി. അവിടെ തീ പടരാന്‍ തക്ക ഉപകരണങ്ങളുണ്ടായിരുന്നതിനാല്‍ തീ ആളിക്കത്തിയെന്നാണ് ഫയര്‍ ഫോഴ്‌സിന്റെ നിഗമനം.  

വെന്റിലേഷന്‍ സൗകര്യമില്ലാത്തതിനാല്‍ പുക പുറത്തേക്കു പോയില്ല. തീയുടെ തീവ്രത  കൂടിയതോടെ  ഫാള്‍സ് സീലിങ് ഉരുകി വീണു. ഇതോടെ വീട്ടിലാകെ പുക നിറഞ്ഞു. പുകയും ചൂടും അടിച്ച് ഉണര്‍ന്നു വന്ന വീട്ടുകാര്‍ മുറിയുടെ വാതില്‍ തുറന്നതോടെ അവിടേക്കും വിഷപ്പുക പടര്‍ന്നെന്നും അതു ശ്വസിച്ചതാണ് മരണകാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

താഴത്തെ ഹാളിലെ ജനല്‍പ്പടി കത്തിയതിനെ തുടര്‍ന്നാണ് അതിനോടു ചേര്‍ന്ന കാര്‍പോര്‍ച്ചിലിരുന്ന ബൈക്കുകളിലേക്കും തീ പടര്‍ന്നത്. പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡ് ഉരുകി ഒലിച്ച നിലയിലായിരുന്നു. 

സംഭഴത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടില്ല. വീട്ടിലെ സിസിടിവി ക്യാമറ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.