എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

എസ്എസ്എല്‍സി പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി വി ശിവന്‍കുട്ടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി വി ശിവന്‍കുട്ടി. 2022 മാര്‍ച്ച് 31 മുതല്‍ 2022 ഏപ്രില്‍ 29 വരെയാണ് പരീക്ഷ. കേരളത്തിനകത്തുള്ള 2943 കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ 9 കേന്ദ്രങ്ങളിലും  ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലുമായി ആകെ 2961 കേന്ദ്രങ്ങളിലാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുന്നത്.

4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ഥികളുമാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2014 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന മലപ്പുറം ജില്ലയിലെ പി കെ എം എം എച്ച് എസ് എടരിക്കോട് ആണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രം. മലയാളം മീഡിയത്തില്‍ 1,91,787 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയത്തില്‍ 2,31,604 വിദ്യാര്‍ത്ഥികളും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ഥികളും കന്നട മീഡിയത്തില്‍ 1457 വിദ്യാര്‍ത്ഥികളും എസ്എസ്എല്‍സി പരീക്ഷ എഴുതും. ആകെ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പരീക്ഷയുടെ നടത്തിപ്പിനായി 2961 ചീഫ് സൂപ്രണ്ട്മാരുടെയും2976 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്മാരുടെയും പരീക്ഷാകേന്ദ്രങ്ങളിലേയ്ക്ക് ആവശ്യമായ ഇന്‍വിജിലേറ്റര്‍മാരുടെയും നിയമനം ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പരീക്ഷാനടപടികള്‍ കുറ്റമറ്റരീതിയില്‍ നടക്കുവെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, പരീക്ഷാ ഭവന്‍, പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നീ തലങ്ങളിലുള്ള സ്‌ക്വാഡുകള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതാണ്.

പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മന്ത്രി വി ശിവന്‍കുട്ടി ആശംസകള്‍ നേര്‍ന്നു. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com