സമരം സുപ്രീം കോടതിക്കെതിരെ; യുഡിഎഫ് സില്‍വര്‍ ലൈന്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് കോടിയേരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2022 12:55 PM  |  

Last Updated: 30th March 2022 12:55 PM  |   A+A-   |  

kodiyeri

കോടിയേരി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിനിടെ

 


കൊച്ചി: സില്‍വര്‍ ലൈനിനെതിരെ യുഡിഎഫ് ഇപ്പോള്‍ നടത്തുന്ന സമരം സുപ്രീം കോടതിക്കെതിരെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുപ്രീം കോടതി വിധി കണക്കിലെടുത്ത് നിയമവാഴ്ചയോടും ജ്യൂഡിഷ്യറിയോടും കൂറുള്ളവരാണെങ്കില്‍ സമരം നിര്‍ത്തിവയ്ക്കുകയാണ് വേണ്ടത്. പ്രതിപക്ഷം പുനര്‍ചിന്തനത്തിന് തയ്യാറാകണമെന്നും കോടിയേരി കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.. 

സില്‍വര്‍ ലൈന്‍ സര്‍വെ നടത്താന്‍ സുപ്രീം കോടതി അനുവാദം നല്‍കിയതാണ്. സുപ്രീം കോടതി വിധിക്ക് മുന്‍പുള്ള അവസ്ഥയല്ല ഇപ്പോഴുള്ളത്. സില്‍വര്‍ ലൈന്‍ സര്‍വേയ്ക്കായി സ്ഥാപിച്ച കല്ലുകള്‍  പിഴുതെറിഞ്ഞത് വീട്ടുകാരല്ല. യുഡിഎഫുകാരാണ്. യുഡിഎഫ് പിഴുത കല്ലുകള്‍ വീട്ടുകാര്‍ തന്നെ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അതിന് എല്‍ഡിഎഫ് സഹായിക്കുമെന്നും കോടിയേരി പറഞ്ഞു.

ഇപ്പോള്‍ കല്ലിടുന്നത് സാമൂഹ്യാഘാതപഠനത്തിനാണ്. സില്‍വര്‍ ലൈനിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോള്‍ അവര്‍ക്ക് നോട്ടീസ് നല്‍കും. അതിന് ശേഷം പബ്ലിക് ഹിയറിങ് നടത്തും. വീടും കെട്ടിടങ്ങളും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസം എങ്ങനെ വേണമെന്ന കാര്യം അവരുമായി ചര്‍ച്ചചെയ്യും. അതില്‍ വിദഗ്ധരും ജനപ്രതിനിധികളുമുണ്ടാകും. ഭൂമി നഷ്ടമാകുന്നവര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കും. അവരുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും നഷ്ടപരിഹാരം തീരുമാനിക്കുക. സില്‍വര്‍ ലൈന്‍ സംബന്ധിച്ച് എല്‍ഡിഎഫില്‍ വ്യത്യസ്ത അഭിപ്രായമില്ലെന്നും കോടിയേരി പറഞ്ഞു.

പണിമുടക്ക് ദിവസം ഒരു മാളും തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും അത് കള്ളപ്രചാരണം മാത്രമാണെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭാഗമല്ല ഐഎന്‍ടിയുസിയെന്ന വിഡി സതീശന്റെ പ്രതികരണത്തിന് സതീശന്‍ തന്നെ ഐഎന്‍ടിയുസിയുടെയും പലസംഘടനകളുടെയും നേതാവാണെന്ന് കോടിയേരി പറഞ്ഞു. എല്ലാ തൊഴിലാളി സംഘനടകളും സ്വതന്ത്രസംഘടനയാണ്. സിഐടിയുവും സ്വതന്ത്ര സംഘടനയാണ്. എന്നാല്‍ പല കോണ്‍ഗ്രസ് നേതാക്കള്‍ ഐന്‍ടിയുസിയുടെ സിപിഎം നേതാക്കള്‍ സിഐടിയുവിന്റെയും നേതാക്കള്‍ ആണെന്നും കോടിയേരി പറഞ്ഞു.