നാളെ മുതല്‍ ഭൂമിയുടെ ന്യായ വില കൂടും; നികുതിയില്‍ ഇരട്ടിയിലേറെ വര്‍ധന, വാഹന രജിസ്‌ട്രേഷന്‍ നിരക്കും ഉയരും
By സമകാലിക മലയാളം ഡെസ്ക് | Published: 31st March 2022 03:43 PM |
Last Updated: 31st March 2022 03:43 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഭൂമിയുടെ ന്യായ വില കൂടും. ന്യായവിലയില്‍ പത്തുശതമാനം വര്‍ധന വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം ഇന്നിറങ്ങും. ഇതോടെ ഭൂമി രജിസ്‌ട്രേഷന്‍ ചെലവും ഉയരും.
അടിസ്ഥാന ഭൂനികുതിയില്‍ ഇരട്ടിയിലേറെ വര്‍ധനയാണ് വരുന്നത്.
എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി ഉയരും. ഇതിലൂടെ ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
ഭൂരേഖകള്‍ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര ഘടകമായ അടിസ്ഥാന ഭൂനികുതിയാണ് പരിഷ്കരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തിയാകും അടിസ്ഥാന ഭൂനികുതി പരിഷ്കരണം.
ഭൂമിയുടെ ന്യായവില പല പ്രദേശങ്ങളിലും നിലവിലുള്ള വിപണിമൂല്യവുമായി പൊരുത്തപ്പെടുന്നില്ല.എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയില്‍ 10% ഒറ്റത്തവണ വര്‍ധന നടപ്പിലാക്കും. 200 കോടിയിലേറെ രൂപയുടെ അധിക വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാഹന രജിസ്ട്രേഷൻ നിരക്കും നാളെ മുതൽ കൂടും. വാഹന രജിസ്ട്രേഷനും പുറമെ, ഫിറ്റ്നസ് നിരക്കുകളും കൂടും. സംസ്ഥാനത്ത് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നികുതിയും നാളെ മുതൽ നിലവിൽ വരും. വർധിപ്പിച്ച വെള്ളക്കരവും നാളെ മുതൽ പ്രാബല്യത്തിൽ വരും. അഞ്ചു ശതമാനമാണ് കുടിവെള്ളത്തിന് അടിസ്ഥാന നിരക്കിൽ വർധന വരുത്തിയിട്ടുള്ളത്.
കുടിവെള്ളത്തിനും വിലയേറുന്നു; നിരക്ക് വര്‍ധന വെള്ളിയാഴ്ച മുതല്‍