'ജാമ്യമില്ലാ വകുപ്പ്; ഉടനടി ജാമ്യം; സര്‍ക്കാര്‍ വക്കീല്‍ മിണ്ടിയില്ലെന്ന് ജോര്‍ജ്; എല്ലാം നാടകമോ?'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st May 2022 03:17 PM  |  

Last Updated: 01st May 2022 03:17 PM  |   A+A-   |  

pc george

പി സി ജോര്‍ജ് /ഫയല്‍ ചിത്രം

 

മലപ്പുറം: പിസി ജോര്‍ജിന്റെ കസ്റ്റഡിയും സ്വന്തം കാറില്‍ ആഘോഷപൂര്‍വ്വം കൊണ്ടു നടന്നതും അറസ്റ്റ് ചെയ്തതുമൊക്കെ വെറും നാടകമായിരുന്നോ എന്ന് സംശയിക്കാന്‍ ഇടനല്‍കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്.

'ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കോടതിയില്‍ ഹാജരാക്കിയ ജോര്‍ജിന് ജാമ്യം ലഭിച്ചിരിക്കുന്നു. കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഒരക്ഷരം മിണ്ടിയില്ല എന്നാണ് പിസി ജോര്‍ജ് തന്നെ പറയുന്നത്. ഇത് ഒത്തുകളിയാണോ എന്ന സംശയത്തിന് ഇടനല്‍കുന്നതാണ്'  ഫിറോസ് പറഞ്ഞു.


കുറിപ്പിന്റെ പൂര്‍ണരൂപം

പിസി ജോര്‍ജിന്റെ കസ്റ്റഡിയും സ്വന്തം കാറില്‍ ആഘോഷപൂര്‍വ്വം കൊണ്ടു നടന്നതും അറസ്റ്റ് ചെയ്തതുമൊക്കെ വെറും നാടകമായിരുന്നോ എന്ന് സംശയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കോടതിയില്‍ ഹാജരാക്കിയ ജോര്‍ജിന് ജാമ്യം ലഭിച്ചിരിക്കുന്നു. കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഒരക്ഷരം മിണ്ടിയില്ല എന്നാണ് പി.സി ജോര്‍ജ് തന്നെ പറയുന്നത്. ഇത് ഒത്ത് കളിയാണോ എന്ന് സംശയത്തിനിട നല്‍കുന്നതാണ്.

ജാമ്യം കിട്ടിയ ജോര്‍ജ് പറഞ്ഞത് താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ്. ഇത് നല്‍കുന്ന സന്ദേശമെന്താണ്?. ജാമ്യം നല്‍കുമ്പോള്‍ കോടതി പറഞ്ഞത് ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ വീണ്ടും നടത്തരുതെന്നാണ്. എന്നാല്‍ ജാമ്യം കിട്ടി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പിസി ജോര്‍ജ് ഉപാധി ലംഘിച്ചിരിക്കുന്നു. സര്‍ക്കാറിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ജാമ്യം റദ്ധ് ചെയ്യാനാവശ്യപ്പെട്ട് കോടതിയെ സമീപിക്കണം. അല്ലെങ്കില്‍ ക്ലിഫ് ഹൗസില്‍ ഒരു വാഴ നട്ട് ഡിവൈഎഫ്‌ഐ പ്രതിഷേധിക്കണം.