രണ്ട് സ്ത്രീകൾ അടക്കം മൂന്ന് പേരെ ഇടിച്ചു വീഴ്ത്തി; പാർക്ക് ചെയ്ത ബൈക്കുകൾ കുത്തിമറിച്ചിട്ടു; ന​ഗരത്തെ മുൾമുനയിൽ നിർത്തി എരുമ

ആളുകളെ കണ്ടു വിരണ്ട എരുമ ബൈക്കുകൾ മറിച്ചിട്ടു. കാറുകളുടെ റിഫ്ലക്ടർ ലൈറ്റുകളും പൊട്ടി. തലനാരിഴയ്ക്കാണ് പലരും ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ: വിരണ്ടോടിയ എരുമ നഗരത്തെ ഒരു മണിക്കൂറോളം മുൾമുനയിൽ നിർത്തി. തൃശൂരിലാണ് സംഭവം. ശങ്കരയ്യർ റോഡിൽ നിന്ന് സമീപത്തെ റേയ്സ് കോംപ്ലക്സിലേക്ക് ഓടിയ എരുമ രണ്ട് സ്ത്രീകൾ അടക്കം മൂന്ന് പേരെ ഇടിച്ചിട്ടു. ഇവിടെ പാർക്ക് ചെയ്ത ബൈക്കുകളും കുത്തിമറിച്ചിട്ടു. 

ഒടുവിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് എരുമയെ കെട്ടിയത്. കെട്ടിടത്തിലെ ആളൊഴിഞ്ഞ ഒരു മുറിയിൽ അകപ്പെട്ട എരുമയെ കഴുത്തിലെ കയറിൽ കമ്പിയിട്ട് കുടുക്കുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങൾ ജനലിലേക്കു ചേർത്തു കെട്ടിയ എരുമയെ പിന്നീടു വാതിൽ തുറന്ന് സാഹസികമായി പിടിച്ചുകെട്ടി. ഓരോ കാലിലും കയറിട്ടു കെട്ടി, കാലുകൾക്കു നടുവിലൂടെ ഇരുമ്പു പൈപ്പും ചേർത്തു കെട്ടിയാണു പുറത്തെത്തിച്ചത്. 

ഇന്നലെ 3.30 ന് ആണ് എരുമ, റോഡിൽ നിന്ന് കോംപ്ലക്സിനുള്ളിലേക്ക് ഓടിക്കയറിയത്. അപ്രതീക്ഷിതമായി ഓടിയെത്തിയ എരുമയെ കണ്ട് ഒഴിഞ്ഞു മാറുന്നതിനു മുൻപേ മൂന്ന് പേരെയും ഇടിച്ചിട്ടു. ഇവർക്കു നിലത്തു വീണു പരിക്കുണ്ട്. 

ആളുകളെ കണ്ടു വിരണ്ട എരുമ ബൈക്കുകൾ മറിച്ചിട്ടു. കാറുകളുടെ റിഫ്ലക്ടർ ലൈറ്റുകളും പൊട്ടി. തലനാരിഴയ്ക്കാണ് പലരും ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. ശബ്ദം കേട്ട് വനിതാ ജീവനക്കാരിൽ പലരും നിലവിളിച്ച് മുകളിലത്തെ നിലകളിൽ അഭയം പ്രാപിച്ചു.

മറ്റുള്ളവർ പ്രാണരക്ഷാർഥം കടകളുടെ ഷട്ടർ അടച്ചിട്ട് രക്ഷപ്പെട്ടു. എരുമ വന്നിടിച്ച് ഏതാനും ഷട്ടറുകൾക്കും കേടുപാടുണ്ട്. കോംപ്ലക്സിനോടു ചേർന്ന് പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിന്റെ പിറകിലേക്ക് ഓടിക്കയറിയ ശേഷം കംപ്രസർ അടക്കമുള്ള ഉപകരണങ്ങളും കുത്തിമറിച്ചിട്ടു. തേഡ് ഐ സെക്യൂരിറ്റി സിസ്റ്റം എന്ന സ്ഥാപനത്തിന്റെ ഒഴിഞ്ഞ മുറിയിലേക്കു കയറിയും നാശനഷ്ടം ഉണ്ടാക്കി. അതിനിടെ വാതിൽ അടഞ്ഞ് അവിടെ കുടുങ്ങുകയായിരുന്നു. 

കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുരിയച്ചിറയിലെ അറവുശാലയിലേക്കു മാറ്റി. ഉടമയെ കണ്ടെത്തിയ ശേഷം പിഴ അടപ്പിച്ചു വിട്ടുകൊടുക്കുമെന്നും അല്ലാത്ത പക്ഷം ലേലം ചെയ്തു വിൽക്കുമെന്നും കോർപറേഷൻ അധികൃതർ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com