സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരണം; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് സുപ്രീംകോടതി നോട്ടീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2022 12:45 PM  |  

Last Updated: 02nd May 2022 12:47 PM  |   A+A-   |  

supreme-court

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം തുടരാന്‍ സുപ്രീം കോടതി ഉത്തരവ്. അടച്ചുപൂട്ടിയ ഡയറി ഫാം പ്രവര്‍ത്തിപ്പിക്കാനും കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു. ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹര്‍ജിയിലാണ് കോടതി വിധി. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനും കോടതി നോട്ടീസ് അയച്ചു. 

ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍രേതാണ് ഇടക്കാല ഉത്തരവ്. 2021 ജൂണ്‍ 22 ന് കേരള ഹൈക്കോടതി പുറപ്പടുവിച്ച ഇടക്കാല ഉത്തരവ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി. ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് ചിക്കനും ബീഫും ഉള്‍പ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാം അടച്ചുപൂട്ടിയതും ചോദ്യംചെയ്ത് കവരത്തി സ്വദേശി അജ്മല്‍ അഹമ്മദ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങള്‍ സ്‌റ്റേ ചെയ്തുകൊണ്ടാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നത്. ദ്വീപ് നിവാസികളുടെ താത്പര്യം കണക്കിലെടുക്കാതെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ 
ഇത്തരം പരിഷ്‌കാരം കൊണ്ടുവന്നതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. 1992 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ഡയറി ഫാം ആണ് അടച്ചുപൂട്ടിയത്. പോഷക മൂല്യമുള്ള മാംസാഹാരമാണ് കുട്ടികളുടെ മെനുവില്‍നിന്ന് നീക്കിയതെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. 


ഈ വാര്‍ത്ത കൂടി വായിക്കാം

'റിപ്പോര്‍ട്ട് പുറത്തുവിടണോ എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണ്; എന്തിന് വാശി പിടിക്കുന്നു?': മന്ത്രി സജി ചെറിയാന്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ