അയൽവാസി കഴുത്തിന് വെട്ടി; ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2022 04:44 PM  |  

Last Updated: 02nd May 2022 04:44 PM  |   A+A-   |  

murder case

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വര്‍ക്കലയില്‍ അയല്‍വാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വര്‍ക്കല ചെമ്മരുതിയില്‍ ചാവടിമുക്കു സ്വദേശിനി ഷാലു ആണ് മരിച്ചത്. ആക്രമണത്തിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. 

ആക്രമണം നടത്തിയ അയല്‍വാസി അനിൽ പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അയിരൂരിലെ സ്വകാര്യ പ്രസ്സില്‍ ജോലി ചെയ്യുന്ന ഷാലു ജോലിസ്ഥലത്തുനിന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തി മടങ്ങുന്നതിനിടെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. അയല്‍വാസിയും ബന്ധുവുമായ അനില്‍ വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. 

ഷാലുവിന്റെ അയല്‍വാസിയും മാതൃസഹോദരനുമാണ് അനില്‍. ഷാലുവിന്റെ വീട്ടിലേക്കുള്ള നടവഴിയില്‍ കത്തിയുമായിനിന്ന് മരത്തില്‍ വെട്ടിക്കൊണ്ടു നില്‍ക്കുകയായിരുന്നു ഇയാൾ. ഇതിനിടെ ഉച്ചഭക്ഷണം കഴിച്ചു തിരികെ പ്രസ്സിലേക്ക് പോകാന്‍ എത്തിയ ഷാലുവിന്റെ സ്‌കൂട്ടർ തടഞ്ഞുനിര്‍ത്തി കഴുത്തിലും ശരീരത്തിലും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അനിലിനെ പൊലീസ് എത്തിയാണ് കീഴ്‌പ്പെടുത്തിയത്. വധശ്രമത്തിന് കേസെടുത്ത് ഇയാളെ റിമാന്‍ഡ് ചെയ്തു. ഇരുവരും തമ്മില്‍ ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും ഇതുസംബന്ധിച്ച ചില തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഷവര്‍മയില്‍നിന്ന് ഭക്ഷ്യവിഷബാധ; മൂന്ന് പേര്‍ ഐസിയുവില്‍; ഒരു കുട്ടിയുടെ നില ഗുരുതരം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ