തൃക്കാക്കരയില്‍ പോരാട്ടത്തിന് ചുക്കാന്‍ പിടിച്ച് ഇ പി ജയരാജന്‍; കൂടെ രാജീവും സ്വരാജും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2022 02:21 PM  |  

Last Updated: 03rd May 2022 02:21 PM  |   A+A-   |  

jayarajan

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രചാരണത്തിന്റെ ഏകോപന ചുമതല കണ്‍വീനര്‍ ഇ പി ജയരാജന്. മന്ത്രി പി രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് എന്നിവര്‍ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി സെക്രട്ടറി കൂടിയാണ് സ്വരാജ്. 

മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്നാണ് സിപിഎം ജില്ലാ നേതൃത്വം താത്പര്യപ്പെടുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സ്വതന്ത്രനെ പിന്തുണയ്ക്കുന്നത് അടക്കം പരിഗണനയിലുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന കെ വി തോമസിനെ രംഗത്തിറക്കുമോ എന്നതിലും സിപിഎം നിലപാട് വ്യക്തമാക്കിയിട്ടില്ല. 

മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അമേരിക്കയിലാണ്.  അടുത്തയാഴ്ച അമേരിക്കയില്‍ നിന്നും എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കരയില്‍ പ്രചാരണത്തിന് മുന്‍പന്തിയിലുണ്ടാകുമെന്ന് സിപിഎം നേതാവ് എംഎ ബേബി വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടക്കുന്ന ആദ്യത്തെ ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. ഈ തെരഞ്ഞെടുപ്പ് ജയിക്കാനായാല്‍ നിയമസഭയിലെ എല്‍ഡിഎഫ് അംഗബലം നൂറാകും. ഭൂരിപക്ഷം നൂറിലേക്ക് എത്തിക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്ന് മന്ത്രി പി രാജീവും വ്യക്തമാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

തൃക്കാക്കര യുഡിഎഫിന്റെ ഉറച്ച മണ്ഡലം; സ്ഥാനാര്‍ത്ഥി നാളെ: കെ സുധാകരന്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ