ബദല്‍ സംവാദത്തിനില്ല; പങ്കെടുക്കില്ലെന്ന് കെ റെയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2022 11:22 AM  |  

Last Updated: 03rd May 2022 11:22 AM  |   A+A-   |  

silver line project

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ബദല്‍ സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് കെ റെയില്‍. ബദല്‍ സംവാദത്തില്‍ എംഡി അജിത് കുമാറോ കെ റെയില്‍ പ്രതിനിധികളോ പങ്കെടുക്കില്ല. തീരുമാനം ജനകീയ പ്രതിരോധസമിതിയെ അറിയിച്ചു. 

വിഷയത്തില്‍ ബദല്‍ സംവാദമല്ല, തുടര്‍ സംവാദമാണ് വേണ്ടത്. സ്വന്തം നിലയില്‍ ചര്‍ച്ചകള്‍ തുടരുമെന്നും കെ റെയില്‍ അധികൃതര്‍ വ്യക്തമാക്കി. സംവാദം നിഷ്പക്ഷം ആയിരിക്കുമെന്ന് ബോധ്യപ്പെടുത്തുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടു. 

നിസ്സാര കാരണങ്ങള്‍ പറഞ്ഞാണ് കെ റെയില്‍ വിരുദ്ധ പക്ഷത്തുള്ളവര്‍ മുമ്പ് സംഘടിപ്പിച്ച സംവാദത്തില്‍ നിന്നും പിന്മാറിയതെന്നും കെ റെയില്‍ അധികൃതര്‍ പറഞ്ഞു. നാളെയാണ് ജനകീയ പ്രതിരോധസമിതി ബദല്‍ സംവാദം സംഘടിപ്പിച്ചിട്ടുള്ളത്. 

ഈ സംവാദത്തില്‍ നേരത്തെ കെ റെയില്‍ സംവാദത്തില്‍ നിന്നും പിന്മാറിയ അലോക് വര്‍മ, ജോസഫ് സി മാത്യു, ശ്രീധര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കെ റെയിലിനെ എതിര്‍ക്കുന്ന ഡോ. ആര്‍വിജി മേനോനും സംവാദത്തില്‍ പങ്കെടുക്കുന്നുണ്ട്. 

കെ റെയിലിനെ അനുകൂലിക്കുന്ന കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ കുഞ്ചെറിയ പി ഐസക്, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് എസ്എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്. ബദല്‍ സംവാദത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനേയും സംഘാടകര്‍ ക്ഷണിച്ചിരുന്നു. 


ഈ വാര്‍ത്ത കൂടി വായിക്കാം

സിബിഐ സംഘം ക്ലിഫ്ഹൗസില്‍; സോളാര്‍  പീഡന കേസില്‍ തെളിവെടുപ്പ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ