മെഴുകുതിരി കത്തിക്കുന്നതിനിടെ വസ്ത്രത്തിന് തീപിടിച്ചു; പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2022 08:44 AM  |  

Last Updated: 04th May 2022 08:46 AM  |   A+A-   |  

plus_two_student_burn_to_died

മരിച്ച മിയ

 

കൊല്ലം; പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. ശാസ്താംകോട്ട കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും റെയില്‍വേ ജീവനക്കാരിയായ ലീനയുടെയും മകള്‍ മിയയാ(17)ണ് മരിച്ചത്. മെഴുകുതിരി കത്തിച്ചുവയ്ക്കുന്നതിനിടയിൽ വസ്ത്രത്തിന് തീ പിടിക്കുകയായിരുന്നു. 

കഴിഞ്ഞ 14-നാണ് സംഭവമുണ്ടാകുന്നത്. രാത്രി വൈദ്യു‌തി നിലച്ചപ്പോൾ കത്തിച്ചുവച്ച മെഴുകുതിരി ഉരുകി വീണ് വസ്ത്രത്തിൽ തീപടരുകയായിരുന്നു. സംഭവസമയം കുട്ടിമാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. വീടിന്റെ മുകളിലെ ബാല്‍ക്കണിയില്‍ ദേഹത്ത് തീ ആളിപ്പടര്‍ന്ന നിലയില്‍ അയല്‍വാസികളാണ് മിയയെ കാണുന്നത്. മിയയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചയ്ക്ക് മരിച്ചു.

മൈനാഗപ്പള്ളി റെയില്‍വേ ഗേറ്റ്കീപ്പറായ ലീന ഡ്യൂട്ടിയിലായിരുന്നു. മിയയുടെ അച്ഛന്‍ അനില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വാഹനാപകടത്തില്‍ മരിച്ചു. പിഎസ് സി വഴി ക്ലാര്‍ക്കായി നിയമനം ലഭിച്ച ലീന അടുത്തിടെ റെയില്‍വേ ജോലി രാജിവെച്ചു തിരുവനന്തപുരത്ത് പുതിയ ജോലിയില്‍ പ്രവേശിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

ദേവനന്ദയുടെ ജീവനെടുത്തത് ഷി​ഗെല്ല; ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ