ഷവര്‍മ കഴിച്ചു മരണം: ഹൈക്കോടതി കേസെടുത്തു, സര്‍ക്കാര്‍ നിലപാട് അറിയിക്കണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2022 12:18 PM  |  

Last Updated: 04th May 2022 12:22 PM  |   A+A-   |  

kerala high court

ഹൈക്കോടതി/ഫയല്‍

 

കൊച്ചി: കാസര്‍ക്കോട് ഷവര്‍മയില്‍നിന്നുള്ള ഭക്ഷ്യ വിഷബാധ മൂലം പെണ്‍കുട്ടി മരിച്ചതില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഫയല്‍ ചെയ്ത കേസില്‍ നിലപാട് അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

സുരക്ഷിതമായ ഭക്ഷണം നല്‍കുന്നതിനു സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചത്. പെണ്‍കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മരണത്തിനു കാരണം ഷിഗെല്ല

ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് ദേവനന്ദ മരിച്ചതിനു കാരണം ഷിഗെല്ല സോണി ബാക്ടീരിയയെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ദേവനന്ദയുടെ ഹൃദയത്തെയും തലച്ചോറിനെയും ബാക്റ്റീരിയ ബാധിച്ചിരുന്നു. സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ഇന്നു ലഭിച്ചതിനു ശേഷമാകും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയെന്ന് കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.

ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭഷ്യവിഷബാധയേറ്റ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഭക്ഷ്യ വിഷബാധയ്ക്കു കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്നു കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.വി.രാംദാസ് അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ 3 പേരുടെ സ്രവ സാംപിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ചപ്പോള്‍ അവയിലും ഷിഗെല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചെന്ന് ഡിഎംഒ പറഞ്ഞു. എല്ലാവര്‍ക്കും സമാനമായ രോഗലക്ഷണങ്ങളായതിനാല്‍ ഷിഗെല്ല തന്നെയെന്നാണു വിലയിരുത്തല്‍.

ദേവനന്ദ മരിച്ച സംഭവത്തില്‍ ഐഡിയല്‍ കൂള്‍ബാര്‍ മാനേജരും കേസിലെ മൂന്നാം പ്രതിയുമായ കാസര്‍കോട് പടന്ന സ്വദേശി അഹമ്മദ് അറസ്റ്റിലായി. കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം മൂന്നായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എഡിഎം നാളെ റിപ്പോര്‍ട്ട് നല്‍കും. ദുബായിലുള്ള സ്ഥാപനയുടമ കാലിക്കടവ് സ്വദേശി കുഞ്ഞമ്മദിനായി തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ ആലോചനയുണ്ട്. ഷവര്‍മ കഴിച്ച് വിവിധ ആശുപത്രികളില്‍ 52 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കിസാന്‍ സമ്മാന്‍ നിധി; ആനൂകൂല്യം കൈപ്പറ്റിയവരില്‍ 30,416 അനര്‍ഹര്‍, തുക തിരിച്ചുപിടിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ