ഇടതുപക്ഷമാണ് ഹൃദയപക്ഷം; സ്ഥാനാര്‍ഥിയാകാന്‍ കഴിഞ്ഞത് ഭാഗ്യം; ജോ ജോസഫ്

തൃക്കാക്കരയില്‍ നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ട്. ഇടതുപക്ഷം വിചാരിച്ചാല്‍ ജയിക്കാന്‍ പറ്റുന്ന മണ്ഡലമാണ് കേരളത്തിലെ ഏത് മണ്ഡലവും.
ഡോ  ജോസഫ് മാധ്യമങ്ങളെ കാണുന്നു /ടെലിവിഷന്‍ ചിത്രം
ഡോ ജോസഫ് മാധ്യമങ്ങളെ കാണുന്നു /ടെലിവിഷന്‍ ചിത്രം

കൊച്ചി: ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയാകാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. ചരിത്രത്തിലാദ്യമായമാണ് സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടര്‍ഭരണം ഉണ്ടായത്. അതിന് ഒറ്റക്കാരണം പിണറായി സര്‍ക്കാരിന്റെ വികസനവും കരുതലുമായിരുന്നു. ആ തരംഗത്തിനൊപ്പം നില്‍ക്കാന്‍ തൃക്കാക്കരയ്ക്ക് കഴിയാത്തതില്‍ ഓരോ തൃക്കാക്കരക്കാരനും വിഷമമമുണ്ടായിരുന്നു. അതിന് കിട്ടിയ ഒരവസരമായി ഇതിനെ കാണുന്നു. ഹൃദ് രോഗവിദഗ്ധനായ ഞാന്‍ എന്നും ഇടതുപക്ഷത്തായിരുന്നു. ഇടതുപക്ഷമാണ് ഹൃദയപക്ഷം. മനുഷ്യന്റെ ഏത് വേദനകള്‍ക്കും ഒപ്പം നില്‍ക്കുന്ന പക്ഷമാണ് ഇടതുപക്ഷം. സ്ഥാനാര്‍ഥിയായത് തന്റെ ഭാഗ്യമായി കാണുന്നുവെന്നും ജോ ജോസഫ് പറഞ്ഞു. 

തൃക്കാക്കരയില്‍ നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ട്. ഇടതുപക്ഷം വിചാരിച്ചാല്‍ ജയിക്കാന്‍ പറ്റുന്ന മണ്ഡലമാണ് കേരളത്തിലെ ഏത് മണ്ഡലവും. തൃക്കാക്കരയിലും അതിന് സാധിക്കും. കോന്നി, വട്ടിയൂര്‍ക്കാവ്, പാലാ എന്നീ മണ്ഡലങ്ങള്‍ ചില ഉദാഹരണങ്ങളാണ്. പാലായ്ക്ക് മാറി ചിന്തിക്കാന്‍ കഴിഞ്ഞെങ്കില്‍ തൃക്കാക്കരയ്ക്കും കഴിയുമെന്ന് ജോ ജോസഫ് പറഞ്ഞു.

തന്റെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സാമുദായിക  സംഘടനയുടെ ഒരു ഇടപെടലും ഉണ്ടായതായി അറിയില്ല. ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തന്നെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് കരുതുന്നത്. എല്ലാവരുടെയും വോട്ട് ലഭിച്ചാല്‍ മാത്രമെ ജയിക്കാന്‍ കഴിയൂ. അതിനെ ഒരു സാമുദായിക സംഘടനയുടെ സ്ഥാനാര്‍ഥിയായി ചുരുക്കിക്കാണരുത്. സഭയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുവെന്ന് അല്ലാതെ സഭയുടെ സ്ഥാനാര്‍ഥിയല്ല താനെന്നും ജോ ജോസഫ് പറഞ്ഞു. 

അടുത്തിടെയാണ് തനിക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് ലഭിച്ചത്. പാര്‍ട്ടിയുടെ മെഡിക്കല്‍ ഘടകത്തിലാണ് പ്രവര്‍ത്തിക്കുന്നത്.  എറണാകുളത്ത് എത്തിയതിന് ശേഷം എല്ലാ പാര്‍ട്ടി പരിപാടികളിലും പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തൃക്കാക്കര തെരഞ്ഞടുപ്പില്‍ പാര്‍ട്ടി പ്രചരണത്തിന് പോയിരുന്നു. എസ്എഫ്‌ഐയുടെ കൊടി പിടിച്ചാല്‍ മാത്രമെ പാര്‍ട്ടിക്കാരാനാകുമെന്ന് താന്‍ കരുതുന്നില്ല. നിലപാടുകളാണ് രാഷ്ട്രീയം. തന്റെ പിതാവ് എഐടിയുസി നേതാവായിരുന്നു. ചെറുപ്പത്തില്‍ താന്‍ സിപിഐക്കായി ചുമരെഴുത്ത് നടത്തിയിരുന്നതായും ജോ ജോസഫ് പറഞ്ഞു.കെവി തോമസിനെ ഒരുതവണ കണ്ടതല്ലാതെ മറ്റൊരു ബന്ധവുമില്ലെന്നും ജോ ജോസഫ് പറഞ്ഞു.

ഡോ ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഡോ ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന്  ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. വാഴക്കാല സ്വദേശിയായ ജോ ജോസഫ് ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ്. പൂഞ്ഞാര്‍ കളപ്പുരയ്ക്കന്‍ കുടുംബാംഗമാണ് ഡോ ജോ ജോസഫ്. കെഎസ്ഇബി ജീവനക്കാരായിരുന്ന പരേതരായ കെ വി ജോസഫിന്റേയും ഏലിക്കുട്ടിയുടേയും മകനായി 1978 ഒക്ടോബര്‍ 30ന് ചങ്ങനാശ്ശേരിയിലാണ് ജനനം.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയ ഡോക്ടര്‍ ജോ ജോസഫ്, കട്ടക്ക് എസ്‌സിബി മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എംഡിയും ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും കാര്‍ഡിയോളജിയില്‍ ഡിഎമ്മും നേടി. എറണാകുളം ലിസി ആശുപത്രിയില്‍ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി.

സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ്. ഹൃദയപൂര്‍വ്വം ഡോക്ടര്‍ എന്ന പുസ്തകത്തിന്റെ രചിയിതാവാണ്. തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സെക്യാട്രിസ്റ്റായ ഡോക്ടര്‍ ദയാ പാസ്‌കലാണ് ഭാര്യ. കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ്സുകാരി കുമാരി ജവാന്‍ ലിസ് ജോ, ആറാം ക്ലാസ്സുകാരി കുമാരി ജിയന്ന എന്നിവരാണ് മക്കള്‍.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com