റിഫ മെഹ്നുവിന്റെ മൃതദേഹം ശനിയാഴ്ച പുറത്തെടുക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2022 08:37 PM  |  

Last Updated: 05th May 2022 08:38 PM  |   A+A-   |  

rifa

ഫയല്‍ ചിത്രം

 

കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്നുവിന്‍റെ മൃതദേഹം ശനിയാഴ്ച പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും. തഹസിൽദാരുടെ സാന്നിധ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തുക. 

റിഫയുടെ മരണത്തിലെ ദുരൂഹത നീക്കാൻ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ രം​ഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പോസ്റ്റുമോർട്ടം നടത്തുന്നത്. 

മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ അനുമതി വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം ആർഡിഒ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഡിവൈഎസ്പിയാണ് അപേക്ഷ നല്‍കിയത്. റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനിലാണ്  മൃതദേഹം സംസ്കരിച്ചിരുന്നത്. 

പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിർണായകമാണ്. റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മെഹനാസിന്‍റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു. പോസ്റ്റുമോർട്ടം നടത്തിയില്ലെന്ന വിവരം മറച്ചുവച്ചെന്ന് ബന്ധുക്കൾ നേരത്തെ പരാതിപ്പെട്ടിരുന്നു. 

മാർച്ച് ഒന്നിന് ദുബായ് ജലാലിയയിലെ ഫ്ലാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നുമുള്ള ദുബായ് പൊലീസിന്‍റെ നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ പോസ്റ്റുമോർട്ടം നടത്താതെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. 

റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മർദ്ദിച്ചെന്നും പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ ഭർത്താവ് മെഹനാസിനെതിരെ പൊലീസ് കെസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

പൊറോട്ട പൊതിയിൽ പാമ്പിൻ തോലും മാംസവും; തിരുവനന്തപുരത്ത് ഹോട്ടൽ പൂട്ടിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ