ജാമ്യം വേണ്ടെന്ന് സനല്‍കുമാര്‍ ശശിധരന്‍; തെളിവുണ്ടെന്ന് പൊലീസ്; ഫോണ്‍ പിടിച്ചെടുത്തു
By സമകാലിക മലയാളം ഡെസ്ക് | Published: 06th May 2022 12:29 PM |
Last Updated: 06th May 2022 12:29 PM | A+A A- |

സനല്‍കുമാര്‍ ശശിധരന്‍, മഞ്ജു വാര്യര്‍/ ഫയല്‍
കൊച്ചി: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ തെളിവുണ്ടെന്ന് പൊലീസ്. മഞ്ജു വാര്യയെ സനല്‍കുമാര്‍ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ട്. ഇയാളുടെ മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തുവെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.
സനല്‍കുമാറിന്റെ മൊബൈല്‍ഫോണ്‍ പൊലീസ് പരിശോധിച്ചു. അന്വേഷണവുമായി സനല്‍കുമാര്‍ സഹകരിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും, സ്‌റ്റേഷന്‍ ജാമ്യം വേണ്ടെന്നുമാണ് സനല്‍കുമാര്‍ ശശിധരന്‍ പറയുന്നത്.
കോടതിയില്‍ ചില കാര്യങ്ങള്‍ പറയാനുണ്ട്. അതിനാലാണ് സ്റ്റേഷന്‍ ജാമ്യം വേണ്ടെന്ന് പറയുന്നത്. തന്നെ കോടതിയില്‍ ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സനല്‍കുമാര്‍ പറഞ്ഞു.
മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് താന്‍ പറഞ്ഞത്. അതിന്റെ പിറ്റേന്നാണ് അറസ്റ്റുണ്ടായത്. താന്‍ പറഞ്ഞതിനോട് മഞ്ജു പ്രതികരിച്ചിട്ടില്ല. മഞ്ജു ജീവനോടെയുണ്ടോ എന്ന് പോലും അറിയില്ല. മഞ്ജുവിനെ ശല്യപ്പെടുത്തിയിട്ടില്ല. സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. മഞ്ജുവിനെ കാണാന്‍ ഒരുപാട് വട്ടം ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു.
നടി മഞ്ജു വാര്യരുടെ പരാതിയെത്തുടര്‍ന്ന് എളമക്കര പൊലീസാണ് തിരുവനന്തപുരത്തു നിന്നും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനാണ് സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ