സ്ഥാനാർഥി നിർണയത്തിൽ ഇടപെട്ടില്ല; പ്രചരണം വസ്തുതാവിരുദ്ധമെന്ന് സഭ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2022 06:07 PM  |  

Last Updated: 06th May 2022 06:07 PM  |   A+A-   |  

jo_joseph

ഡോ. ജോ ജോസഫ് / ഫെയ്‌സ്ബുക്ക്

 

കൊച്ചി:  തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയെ തീരുമാനിക്കുന്നതിൽ ഇടപെട്ടിട്ടില്ലെന്ന് സിറോ മലബാർ സഭ. സ്ഥാനാർഥി നിർണയത്തിൽ സഭ ഇടപെട്ടു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. ഇത്തരം പ്രചാരണങ്ങൾക്കു പിന്നിൽ സ്ഥാപിത താൽപര്യക്കാർ ആണെന്നും  സിറോ മലബാര്‍ മീഡിയ കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

തൃക്കാക്കര നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് മേജര്‍ ആര്‍ച്ച് ബിഷപ്പും സഭാനേതൃത്വവും ഇടപെട്ടു എന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ചില സ്ഥാപിത താത്പര്യക്കാര്‍ ബോധപൂര്‍വം നടത്തുന്ന ഈ പ്രചാരണത്തിന് വസ്തുതയുമായി യാതൊരു ബന്ധവുമില്ല. മുന്നണികള്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസൃതമായാണ്. ഈ പ്രക്രിയയില്‍ സഭാ നേതൃത്വത്തിന്റെ ഇടപെടല്‍ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളൂ. വ്യക്തമായ സാമൂഹിക - രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഈ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയില്‍ സമീപിക്കുമെന്ന് ഉറപ്പാണെന്നും സിറോ മലബാര്‍ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. അലക്‌സ് ഓണംപള്ളി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കാം

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കും; ശ്രീജിത്തിനെ മാറ്റിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ