തൃക്കാക്കരയില്‍ മത്സരിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി; ആര്‍ക്ക് പിന്തുണയെന്ന് ആലോചിച്ച് തീരുമാനിക്കും

ഉപതെരഞ്ഞടുപ്പില്‍ മത്സരിച്ചാല്‍ വലിയ ഗുണം ഉണ്ടാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം
കൊച്ചിയില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു
കൊച്ചിയില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കില്ല. ഉപതെരഞ്ഞടുപ്പില്‍ മത്സരിച്ചാല്‍ വലിയ ഗുണം ഉണ്ടാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. ട്വന്റി 20യും മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന. 

അടുത്ത നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. ഉപതെരഞ്ഞടുപ്പില്‍ ആരെയാണ് പിന്തുണയ്ക്കുകയയെന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനിക്കും. പാര്‍ട്ടി അധികാരത്തിലില്ലാത്ത സ്ഥലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന കീഴ് വഴക്കം പാര്‍ട്ടിക്കില്ലെന്നും അടുത്ത നിയമസഭാ തെരഞ്ഞടുപ്പാണ് ലക്ഷ്യമിടുന്നതെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പാര്‍ട്ടി നടത്തിയ സര്‍വേയില്‍ ജനവികാരം അനകൂലമാണെന്ന് പിസി സിറിയക് പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ട്വന്റി ട്വന്റിയുമായുള്ള സഖ്യത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും. 

എഎന്‍ രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി

തൃക്കാക്കരയില്‍ എഎന്‍ രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് എഎന്‍ രാധാകൃഷ്ണന്‍. ഇതോടെ തൃക്കാക്കരയിലെ തെരഞ്ഞടുപ്പ് ചിത്രം തെളിഞ്ഞു. മുതിര്‍ന്ന നേതാവിനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയതോടെ തൃക്കാക്കരയില്‍ ത്രികോണ പോരാട്ടത്തിന് വഴി തെളിഞ്ഞു. 

ഇനി ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ മാത്രമാണ് പ്രഖ്യാപിക്കാനുള്ളത്. ഇത്തവണ ട്വന്റി20യും ആം ആദ്മി പാര്‍ട്ടിയും സംയുക്തമായാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്. കഴിഞ്ഞ തവണ പതിമൂന്നായിരത്തിലധികം വോട്ടുകള്‍ ട്വന്റി20 നേടിയിരുന്നു. 

കഴിഞ്ഞ തവണ പതിനയ്യായിരത്തിലധികം വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. എസ് സജിയായിരുന്നു കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ഥി. ഇത്തവണ മുതിര്‍ന്ന നേതാവ് സ്ഥാനാര്‍ഥിയായതോടെ കൂടുതല്‍ വോട്ടുകള്‍ പിടിക്കാനാകുമെന്നാണ് ബിജെപി കരുതുന്നത്. മോദി സര്‍ക്കാരിന്റെ ജനക്ഷേമവികസനമാകും ഇത്തവണ ചര്‍ച്ചയാകുകയെന്ന് സ്ഥാനാര്‍ഥി കൂടിയായ എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 

പിടി തോമസിന്റെ ഭാര്യ ഉമാ തോമസാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റായ ജോ ജോസഫാണ്. പിടി തോമസിന്റെ മരണത്തെ തുടര്‍ന്നാണ് തൃക്കാക്കര മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പ് നടക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com