സ്ക്രീനിൽ 'സിബിഐ 5'- തൊട്ടപ്പുറത്ത് മോഷണം; ലക്ഷങ്ങളുമായി കള്ളൻ മുങ്ങി!

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2022 07:54 AM  |  

Last Updated: 10th May 2022 07:54 AM  |   A+A-   |  

robery

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: സിബിഐ 5 പ്രദർശനം നടക്കുന്ന മാവൂർ റോഡിലെ കൈരളി– ശ്രീ തിയേറ്റർ കോംപ്ലക്സിൽ മോഷണം. 2.8 ലക്ഷം രൂപ മോഷ്ടിച്ച് കള്ളൻ കടന്നു. കോംപ്ലക്സിലെ ഭക്ഷണ കൗണ്ടറുകളിൽ നിന്നാണ് ഇന്നലെ പുലർച്ചെ മൂന്നരയ്ക്കു ശേഷം മോഷണം നടന്നത്. 

ശനി, ഞായർ ദിവസങ്ങളിൽ രാത്രി 12ന് പ്രത്യേക മിഡ്നൈറ്റ് ഷോ നടക്കാറുണ്ട്. ആ പ്രദർശനം അവസാനിച്ചത് പുലർച്ചെ രണ്ടേമുക്കാലിനാണ്. ഇതിനു ശേഷം ജീവനക്കാർ ഉറങ്ങാൻ പോയ സമയത്താണ് മോഷണം നടന്നത്. 

കൈരളി തിയേറ്ററിന്റെ ഫസ്റ്റ് ക്ലാസ് പ്രവേശന കവാടത്തോടു ചേർന്നുള്ള ഭക്ഷണ കൗണ്ടറിൽ നിന്നാണ് ഏറ്റവുമധികം തുക മോഷണം പോയത്. കൈരളി തിയേറ്ററിന്റെ ബാൽക്കണി, ശ്രീ തിയേറ്ററിന്റെ പ്രവേശന കവാടം എന്നിവയുടെ സമീപത്തുള്ള രണ്ടാമത്തെ കൗണ്ടറിൽ നിന്ന് അയ്യായിരത്തോളം രൂപയും നഷ്ടപ്പെട്ടു. 

രണ്ട് ദിവസത്തെ വരുമാനവും ബാങ്ക് ഡ്രാഫ്റ്റ് എടുക്കാൻ സൂക്ഷിച്ച പണവുമാണ് മോഷ്ടിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ മുരുകനാണ് ഭക്ഷണ കൗണ്ടറുകളുടെ നടത്തിപ്പ് കരാറുകാരൻ.

മോഷണത്തിന് ആകെ നാലു മിനിറ്റ് സമയമാണ് എടുത്തതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തലയിൽ തോർത്തിട്ടു മൂടി മാസ്ക് അണിഞ്ഞ് 3.44ന് തിയേറ്ററിൽ എത്തിയ മോഷ്ടാവ് പണമെടുത്ത് 3.47ന് പുറത്തിറങ്ങി. ക്യാമറയിലെ ദൃശ്യങ്ങളിൽ മോഷണം വ്യക്തമാണെങ്കിലും മോഷ്ടാവിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

ഈ വാർത്ത വായിക്കാം

വിദേശത്ത് ജോലി; ഇനി മുതൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ