'ഗണേഷ് കുമാറിനെ ഗതാഗത മന്ത്രിയാക്കണം; ടോമിന്‍ തച്ചങ്കരിയെ തിരികെ വിളിക്കണം'; യൂണിയനുകളുടെ പേരില്‍ പോസ്റ്റര്‍, നിഷേധിച്ച് സംഘടനകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th May 2022 09:39 PM  |  

Last Updated: 11th May 2022 09:39 PM  |   A+A-   |  

ganesh_kumar-ksrtc

ഗണേഷ് കുമാര്‍, പ്രചരിക്കുന്ന പോസ്റ്റര്‍


തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഗതാഗത മന്ത്രി ആന്റണി രാജുവും തൊഴിലാളി സംഘടനകളുമായുള്ള തര്‍ക്കം തുടരുന്നതിനിടെ, തൊഴിലാളി സംഘടനകളുടെ പേരില്‍ വ്യാജ പ്രചാരണം. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ ഗതാഗത മന്ത്രിയായി നിയമിക്കണം എന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ ഇറക്കിയ പോസ്റ്റര്‍ എന്ന നിലയിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നത്. ഈ പോസ്റ്ററുകള്‍ തള്ളി തൊഴിലാളി സംഘടനകള്‍ രംഗത്തെത്തി. 

ടിഡിഎഫ്, എഐടിയുസി, ബിഎംഎസ്, സിഐടിയു എന്നീ സംഘടകളുടെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. 'തൊഴിലാളി വഞ്ചക സര്‍ക്കാര്‍ തുലയട്ടേ,പിണറായി സര്‍ക്കാര്‍ തുലയട്ടേ, സിഎംഡി ബിജു പ്രഭാകറിനെ പിരിച്ചുവിടുക, ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി സിഎംഡിയായി നിമയിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങളും പോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്. തങ്ങള്‍ ഇത്തരമൊരു പോസ്റ്റര്‍ ഇറക്കിയിട്ടില്ലെന്ന് എഐടിയുസി അറിയിച്ചു. സിഐടിയുവും ടിഡിഎഫും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

അതേസമയം, തൊഴിലാളി സംഘടനകളും ഗതാഗത മന്ത്രി ആന്റണി രാജുവും തമ്മിലുള്ള പോര് തുടരുകയാണ്. പണിമുടക്കിയ സംഘടനകള്‍ക്ക് എതിരെ ബുധനാഴ്ചയും മന്ത്രി രംഗത്തെത്തി. സര്‍ക്കാരിന്റെ ഉറപ്പ് വിശ്വസിക്കാതെ പണിമുടക്കിയവര്‍ തന്നെ പ്രശ്നം പരിഹരിക്കണം. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി നേട്ടമുണ്ടാക്കേണ്ടെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

'സമരത്തിലേക്ക് പോയി പ്രതിസന്ധി മൂര്‍ച്ഛിപ്പിച്ചത് ആരാണ്? അവര്‍ തന്നെ പ്രശ്നം പരിഹരിക്കട്ടെ. യൂണിയനകളും മാനേജ്മെന്റും കൂടി സംസാരിച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണം. സര്‍ക്കാര്‍ ഇടപെടേണ്ട ആവശ്യമുണ്ടെങ്കില്‍ ഇടപെടും. അല്ലാതെ സര്‍ക്കാരിനെ വിരട്ടി കാര്യം നേടാമെന്ന് ആരും ധരിക്കേണ്ടതില്ല.പണിമുടക്ക് എല്ലാത്തിനും പ്രതിവിധിയാണെന്ന് ധരിക്കേണ്ടതില്ല.'- മന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം, പണിമുടക്കിനെ വിമര്‍ശിച്ച മന്ത്രിക്ക് എതിരെ എഐടിയുസി രംഗത്തുവന്നിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിയെടുത്താല്‍ കൂലി കൊടുക്കണമെന്നും മറ്റു ന്യായമൊന്നും പറയേണ്ടതില്ലെന്നും എഐടിയുസി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞിരുന്നു. തൊഴിലാളികള്‍ പണിയെടുത്ത് ഏപ്രില്‍ മാസം അടച്ച 172 കോടി രൂപ എവിടെപ്പോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയണം. പണി എടുത്താല്‍ കൂലി വാങ്ങാന്‍ തൊഴിലാളികള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിക്ക് ജനങ്ങളെ പറ്റിക്കാമെന്നും തൊഴിലാളികളെ പറ്റിക്കാന്‍ കഴിയില്ലെന്നും കെഎസ്ടിഇയു (എഐടിയുസി) വര്‍ക്കിംഗ് പ്രസിഡന്റ് എം. ശിവകുമാര്‍ പറഞ്ഞു. തൊഴിലാളികള്‍ പണിമുടക്കിയപ്പോള്‍ 3 ദിവസത്തെ വരുമാന നഷ്ടം ഉണ്ടായെന്ന് പ്രചരിപ്പിച്ച മന്ത്രി മെയ് മാസത്തെ കളക്ഷനും ഓടിയ കിലോമീറ്ററും എത്രയാണെന്ന് വ്യക്തമാക്കണം. ഈ മാസത്തെ കെഎസ്ആര്‍ടിസി വരുമാനത്തിന്റെ കണക്ക് ഉള്‍പ്പടെ നിരത്തിയാണ് എം ശിവകുമാര്‍ മന്ത്രിക്കെതിരെ രംഗത്തെത്തിയത്.

മന്ത്രിക്ക് പറഞ്ഞ വാക്കുപാലിക്കാന്‍ കഴിയില്ലെങ്കില്‍ ഈ പണി മതിയാക്കുന്നതാണ് നല്ലത്. ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് നാണക്കേടായി ഇനിയും തുടരണമോ എന്ന് തീരുമാനിക്കാനുള്ള ആര്‍ജ്ജവമെങ്കിലും കാണിക്കാന്‍ മന്ത്രിക്ക് കഴിയണം. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്‍മാര്‍ എന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും കെഎസ്ടിഇയു പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം കോഴിക്കോട് ഭക്ഷ്യ വിഷബാധ: കുട്ടികളടക്കം നൂറോളം പേര്‍ ചികിത്സയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ