കുഞ്ഞിനെയും കൊണ്ട് രാത്രി റെയിൽവേ പാലത്തിൽ, തീവണ്ടി പോയപ്പോഴുണ്ടായ വിറയലിൽ കുഞ്ഞ് പുഴയിൽ വീണെന്ന് അമ്മ; തിരച്ചിൽ തുടരുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2022 08:51 AM  |  

Last Updated: 12th May 2022 08:51 AM  |   A+A-   |  

search for the missing baby who fell into the river from the mother's arms

പ്രതീകാത്മക ചിത്രം

 

മലപ്പുറം; അമ്മയുടെ കൈയിൽ നിന്ന് പുഴയിലേക്കുവീണ് കാണാതായ കുഞ്ഞിനു വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. ഏലംകുളം മുതുകുർശി മപ്പാട്ടുകര പാലത്തിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് അമ്മയുടെ കൈയിൽ നിന്ന് വീണ് 11 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കാണാതായത്. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സതേടുന്ന പാലത്തോൾ സ്വദേശിയായ 35-കാരിയുടെ കൈയിൽനിന്നാണ് കുഞ്ഞ് തൂതപ്പുഴയിലേക്ക് വീണത്. തീവണ്ടി കടന്നുപോയപ്പോഴുണ്ടായ വിറയലിൽ കുഞ്ഞിനെ നഷ്ടമായെന്നാണ് അമ്മ പറയുന്നത്.

മപ്പാട്ടുകര പാലത്തിന് അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടിൽനിന്ന് രാത്രി ഒൻപതോടെയാണ് യുവതിയെയും കുഞ്ഞിനെയും കാണാതാവുകയായിരുന്നു. വീട്ടുകാർ അന്വേഷിക്കുന്നതിനിടെ യുവതി ഒറ്റയ്ക്ക് തിരിച്ചെത്തി. കുഞ്ഞെവിടെയെന്ന് വീട്ടുകാർ ചോദിച്ചപ്പോളാണ് പുഴയിൽ വീണ കാര്യം പറഞ്ഞത്. റെയിൽപ്പാലത്തിന്‌ മുകളിൽ നിൽക്കുമ്പോൾ തീവണ്ടി വരുന്നതുകണ്ട് പാലത്തിലെ ട്രോളിക്കൂടിലേക്ക് മാറി. തീവണ്ടി കടന്നുപോയപ്പോളുണ്ടായ വിറയലിൽ കുഞ്ഞ് കൈയിൽനിന്നു തെറിച്ച് പുഴയിലേക്ക് വീണെന്ന് യുവതി പറഞ്ഞതായി ബന്ധുക്കൾ പോലീസിൽ മൊഴി നൽകി.

നിലമ്പൂരിൽനിന്നും ഷൊർണൂർ ഭാഗത്തേക്ക് ഇതുവഴി ഗുഡ്‌സ് തീവണ്ടി കടന്നുപോയിരുന്നു. വീട്ടുകാരും നാട്ടുകാരും രാത്രിതന്നെ പുഴയിൽ തിരച്ചിലാരംഭിച്ചു. പെരിന്തൽമണ്ണ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരുംചേർന്ന് ബുധനാഴ്ച വൈകിയും തിരച്ചിൽ തുടരുകയാണ്. യുവതിയുടെ ഭർത്താവ് ചാവക്കാട് സ്വദേശി വിദേശത്താണ്. ഇവർക്ക് ആറ്‌ വയസുള്ള മകനുമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

'തെളിവുകൾ അടങ്ങിയ ദിലീപിന്റെ ഫോൺ മഞ്ജു വാര്യർ പുഴയിൽ എറിഞ്ഞു'; താരത്തിന്റെ മൊഴി എടുക്കും, കേസിൽ നിർണായകം​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ