'മുസ്ലീം കുടുംബത്തിൽ പിറന്നതുകൊണ്ടാണ് പെൺകുട്ടി അപമാനിക്കപ്പെട്ടത്'; സമസ്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th May 2022 07:16 AM |
Last Updated: 12th May 2022 07:18 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം; സമ്മാനദാനചടങ്ങില്‍ നിന്ന് പത്താക്ലാസ് വിദ്യാര്‍ഥിനിയെ മതനേതാവ് ഇറക്കിവിട്ടതിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഖുറാൻ തത്വങ്ങൾക്കും ഭരണഘടനയ്ക്കും വിരുദ്ധമായി മുസ്ലീം പുരോഹിതസമൂഹം സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് സംഭവം എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. സംഭവം അതീവ ദുഖകരമെന്നും ഗവർണർ പറഞ്ഞു.
മുസ്ലിം പുരോഹിതർ ഖുർ ആൻ വചനങ്ങളും ഭരണഘടന പ്രദാനം ചെയ്യുന്ന അവകാശങ്ങളും അവഗണിച്ചു കൊണ്ട്, മുസ്ലിം സ്ത്രീകളെ അവരുടെ അവകാശങ്ങളും വ്യക്തിത്വങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറത്ത് ഉണ്ടായത്. സ്ത്രീകൾക്ക് പുരുഷന് തുല്യമായ എല്ലാ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും ഉണ്ട് എന്നാണ് ഖുർആൻ പറയുന്നത്. അതിനെയാണ് പുരോഹിതൻ തള്ളിപ്പറയുന്നത് എന്നാണ് ഗവർണറുടെ വിമർശനം. മുംസ്ലീം കുടുംബത്തിൽ പിറന്നതുകൊണ്ടാണ് കുട്ടിയ്ക്ക് മോശം അനുഭവമുണ്ടായതെന്നും അദ്ദേഹം പറയുന്നു.
Hon'ble Governor Shri Arif Mohammed Khan said: "Sad to know that a young talented girl was humiliated on stage in Malappuram district while receiving a well deserved award simply because she was born into a Muslim family":PRO,Keralarajbhavan(T 1/ 3)
— Kerala Governor (@KeralaGovernor) May 11, 2022
പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചു. ഇതിനെതിരെ വേദിയില്‍ വച്ച് തന്നെ സമസ്തനേതാവ് രംഗത്തെത്തി. പെണ്‍കുട്ടികളെ വേദിയിലേക്ക് ക്ഷണിക്കുന്നത് മതവിരുദ്ധമാണെന്ന് പറഞ്ഞ് സമസ്ത വൈസ് പ്രസിഡന്റ് എംടി അബ്ദുല്ല മുസ്ല്യാരാണ് പരസ്യമായി അധിക്ഷേപിച്ചത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമുയര്‍ന്നു.
പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ആരാണ് സ്റ്റേജിലേക്ക് ക്ഷണിച്ചതെന്ന് ചോദിച്ചായിരുന്നു രോഷപ്രകടനം. പെണ്‍കുട്ടിക്ക് പകരം രക്ഷിതാവിനോട് വരാന്‍ പറയാനും ആവശ്യപ്പെടുന്നുണ്ട്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളാണ് ഉപഹാരം നല്‍കിയത്. ഇതിന് പിന്നാലെയാണ് സമസ്ത നേതാവിന്റെ ശകാരവാക്കുകള്‍ ഉണ്ടായത്. ഇതിനെതിരെ വനിത കമ്മീഷനും രംഗത്തെത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
മാന്നാര്‍ പരുമലയില്‍ വന്‍ തീപിടുത്തം; തുണിക്കട കത്തി നശിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ