വ്യാജ പട്ടയങ്ങള്‍ സൃഷ്ടിച്ചുള്ള ഭൂമി തട്ടിപ്പ് ഇനി നടക്കില്ല!, ഇനി ഇ- പട്ടയം; ക്യുആര്‍ കോഡ് സാങ്കേതികവിദ്യ

സംസ്ഥാനത്ത് ക്യുആര്‍ കോഡും ഡിജിറ്റല്‍ ഒപ്പുമുള്ള ഇ-പട്ടയങ്ങള്‍ നിലവില്‍ വന്നു
റവന്യൂമന്ത്രി കെ രാജന്‍, ഫയല്‍
റവന്യൂമന്ത്രി കെ രാജന്‍, ഫയല്‍

തിരുവനന്തപുരം:  സംസ്ഥാനത്ത് ക്യുആര്‍ കോഡും ഡിജിറ്റല്‍ ഒപ്പുമുള്ള ഇ-പട്ടയങ്ങള്‍ നിലവില്‍ വന്നു.  ഇ-പട്ടയങ്ങളാണു ഇനി വിതരണം ചെയ്യുക. പട്ടയങ്ങളുടെ വിവരങ്ങള്‍ സ്റ്റേറ്റ് ഡേറ്റാ സെന്ററില്‍ നഷ്ടപ്പെടാത്ത രീതിയില്‍ സംരക്ഷിക്കും. 

ആദ്യ ഇ-പട്ടയത്തിന്റെ വിതരണം മലപ്പുറത്ത് റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. തിരൂര്‍ ലാന്‍ഡ് ട്രൈബ്യൂണലില്‍ നിന്ന് ഉണ്ണീന്‍കുട്ടിക്ക് നല്‍കിയ പട്ടയമാണ് സംസ്ഥാനത്തെ ആദ്യ ഇ-പട്ടയം. ആദ്യ ഘട്ടമായി ലാന്‍ഡ് ട്രൈബ്യൂണല്‍ നല്‍കുന്ന ക്രയ സര്‍ട്ടിഫിക്കറ്റുകളാണ് ഇ-പട്ടയങ്ങള്‍ ആക്കിയിട്ടുള്ളത്. തുടര്‍ന്ന് ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയങ്ങളും ഇ-പട്ടയങ്ങളായി നല്‍കും. ഇ-പട്ടയങ്ങള്‍ റവന്യു വകുപ്പിന്റെ റെലീസ് സോഫ്റ്റ്വെയറുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിനാല്‍ പട്ടയം ലഭിച്ചശേഷം പോക്കുവരവുകള്‍ പ്രത്യേക അപേക്ഷയില്ലാതെ തന്നെ നടത്താം.

പട്ടയങ്ങളുടെ ആധികാരികത ക്യൂആര്‍ കോഡ് വഴി പരിശോധിച്ച് ഉറപ്പുവരുത്താം എന്നതിനാല്‍ വ്യാജ പട്ടയങ്ങള്‍ സൃഷ്ടിച്ച് നടത്തുന്ന ഭൂമി തട്ടിപ്പുകളും തടയാനാകും. ഇ-പട്ടയങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഒരു വ്യക്തിക്ക് നല്‍കിയ പട്ടയങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാവും. ഇതുമൂലം വീണ്ടും പട്ടയങ്ങള്‍ക്ക് അപേക്ഷിക്കുന്നതും ഒഴിവാക്കാം. 

പതിച്ചു നല്‍കുന്ന ഭൂമിക്കു സര്‍ക്കാരോ വര്‍ഷങ്ങളായി കൈവശം വച്ചു വരുന്ന ഭൂമിക്കു ലാന്‍ഡ് ട്രൈബ്യൂണലുകളോ നല്‍കുന്ന ഉടമസ്ഥാവകാശ രേഖയാണു പട്ടയം. കടലാസില്‍ അച്ചടിച്ച പട്ടയങ്ങളാണ് ഇപ്പോഴുള്ളത്. ഇവ നഷ്ടപ്പെട്ടാല്‍ പകര്‍പ്പെടുക്കാന്‍ ബുദ്ധിമുട്ടാണ്. ഇതിനു പരിഹാരമാണ് ഇ-പട്ടയം. 


ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com