സംസ്ഥാനത്ത് ഇനി മുതല്‍ ഇ-പട്ടയങ്ങള്‍, യുണീക് തണ്ടപ്പേര്‍

ഇതുവഴി ഒരാള്‍ക്കു സംസ്ഥാനത്ത് എവിടെയെല്ലാം ഭൂമിയുണ്ടെങ്കിലും അതെല്ലാം ഒറ്റ തണ്ടപ്പേരിലാകും. 
മന്ത്രി കെ രാജന്‍  / ഫയല്‍
മന്ത്രി കെ രാജന്‍ / ഫയല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ വിതരണം ചെയ്യുന്ന പട്ടയങ്ങള്‍ ഇ-പട്ടയങ്ങളായിരിക്കുമെന്നു റവന്യൂ മന്ത്രി കെ രാജന്‍. തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിച്ച് യുണീക് തണ്ടപ്പേര്‍ നടപ്പാക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വ്യക്തികളുടെ ആധാര്‍ തണ്ടപ്പേരുമായി ബന്ധിപ്പിച്ചാണു യുണീക് തണ്ടപ്പേര്‍ നടപ്പാക്കുന്നത്. ഇതുവഴി ഒരാള്‍ക്കു സംസ്ഥാനത്ത് എവിടെയെല്ലാം ഭൂമിയുണ്ടെങ്കിലും അതെല്ലാം ഒറ്റ തണ്ടപ്പേരിലാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 16നു വൈകിട്ട് അഞ്ചിന് തിരുവനന്തപുരം കളക്ടറേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ഭൂമി സംബന്ധമായ വിവരങ്ങള്‍ ഭൂവുടമയുടെ സമ്മതത്തോടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച് സേവനങ്ങള്‍ സുഗമവും സുതാര്യവുമാക്കുന്നതിനാണു പദ്ധതി വഴി ലക്ഷ്യമിടുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ആധാറുമായി ലങ്ക് ചെയ്തിട്ടുള്ള മൊബൈലില്‍ ലഭ്യമാകുന്ന ഒ.ടി.പി. ഉപയോഗിച്ച് ഓണ്‍ലൈനായോ വില്ലേജ് ഓഫിസില്‍ നേരിട്ടെത്തി ഒ.ടി.പി. മുഖാന്തിരമോ ബയോമെട്രിക് സംവിധാനത്തില്‍ വിരലടയാളം പതിപ്പിച്ചോ തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കാം. ബന്ധപ്പെട്ട വില്ലേജ് ഓഫിസര്‍ ഇതു പരിശോധിച്ച് അംഗീകരിക്കുന്നമുറയ്ക്ക് യുണീക് തണ്ടപ്പേര്‍ നമ്പര്‍ ലഭിക്കും. ഘട്ടം ഘട്ടമായാകും ഇതു സംസ്ഥാനത്ത് നടപ്പാക്കുക.

പദ്ധതി പ്രാബല്യത്തിലാകുന്നതോടെ ഏതൊരു വ്യക്തിയുടേയും ഭൂമി വിവരങ്ങള്‍ ആധാര്‍ അധിഷ്ഠിതമായി ഒറ്റ നമ്പറില്‍ രേഖപ്പെടുത്തപ്പെടും. ഒരു ഭൂവുടമയ്ക്ക് സംസ്ഥാനത്തെ ഏതു വില്ലേജിലുള്ള ഭൂമി വിവരങ്ങള്‍ ഒറ്റ തണ്ടപ്പേരില്‍ ലഭിക്കും. പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശംവയ്ക്കുന്നതു തിരിച്ചറിയുന്നതിനും മിച്ചഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്കു പതിച്ചു നല്‍കുന്നതിനും കഴിയും. ഭൂരേഖകളില്‍ കൃത്യത കൈവരിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും സാധിക്കും.

പദ്ധതി നടപ്പാകുന്നതോടെ ഭൂമി സംബന്ധിച്ച ഇടപാടുകള്‍ സുഗമമാകുകയും ക്രയവിക്രയങ്ങള്‍ സുതാര്യമാകുകയും ചെയ്യും. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ അവസാനിപ്പിക്കാനും ബിനാമി ഇടപാടുകള്‍ നിയന്ത്രിക്കാനും കഴിയും. വസ്തു വിവരം മറച്ചുവച്ച് ആനുകൂല്യങ്ങള്‍ നേടാനാകില്ല. വിള ഇന്‍ഷ്വറന്‍സിനും മറ്റു കാര്‍ഷിക സബ്‌സിഡികള്‍ക്കും പ്രയോജനംചെയ്യും. റവന്യൂ റിക്കവറി നടപടികള്‍ കാര്യക്ഷമമാക്കാന്‍ കഴിയും. ഗുണഭോക്താക്കള്‍ക്കു മികച്ച ഓണ്‍ലൈന്‍ സേവനം പ്രദാനംചെയ്ത് വിവിധ സേവനങ്ങള്‍ വേഗത്തിലാക്കാനാകും. ഭൂമി വിവരങ്ങളും നികുതി രസീതും ഡിജി ലോക്കറില്‍ സൂക്ഷിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ഇപ്പോഴുള്ള പേപ്പര്‍ പട്ടയങ്ങള്‍ക്കു പകരമായാകും ക്യുആര്‍ കോഡും ഡിജിറ്റല്‍ സിഗ്നേച്ചറുമുള്ള ഇ-പട്ടയങ്ങള്‍ നല്‍കുകയെന്നു മന്ത്രി പറഞ്ഞു. പേപ്പര്‍ പട്ടയങ്ങള്‍ നഷ്ടപ്പെട്ടാല്‍ പകര്‍പ്പെടുക്കാന്‍ ബുദ്ധിമുട്ടാണ്. ബന്ധപ്പെട്ട റവന്യൂ ഓഫിസില്‍ പട്ടയ ഫയലുകള്‍ ഒരു പ്രത്യേക കാലയളവു മാത്രമേ സൂക്ഷിക്കാറുള്ളൂ. പട്ടയ രേഖകള്‍ കണ്ടെത്തി പകര്‍പ്പ് ലഭിക്കാത്ത സാഹചര്യം വലിയ ബുദ്ധിമുട്ടുകള്‍ക്കും പരാതികള്‍ക്കും ഇടയാക്കുന്നുണ്ട്. ഇതിനു പരിഹാരമായാണ് ഇ-പട്ടയങ്ങള്‍ നല്‍കുന്നത്. സോഫ്‌റ്റ്വെയര്‍ അധിഷ്ഠിതമായി ഡിജിറ്റലായി നല്‍കുന്ന പട്ടയമാണിത്. നല്‍കുന്ന പട്ടയങ്ങളുടെ വിവരങ്ങള്‍ സ്റ്റേറ്റ് ഡാറ്റാ സെന്ററില്‍ സൂക്ഷിക്കും.

ലാന്‍ഡ് ട്രൈബ്യൂണല്‍ നല്‍കുന്ന ക്രയസര്‍ട്ടിഫിക്കറ്റുകളാണ് ആദ്യ ഘട്ടമായി ഇ-പട്ടയങ്ങളാക്കി നല്‍കുന്നത്. തിരൂര്‍ ലാന്‍ഡ് ട്രൈബ്യൂണലില്‍നിന്ന് ഉണ്ണീന്‍കുട്ടിക്ക് സംസ്ഥാനത്തെ ആദ്യ ഇ-പട്ടയം നല്‍കി. ഇ-പട്ടയങ്ങള്‍ റവന്യൂ വകുപ്പിന്റെ റെലീസ് സോഫ്‌റ്റ്വെയറുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിനാല്‍ പട്ടയം ലഭിച്ചശേഷം പോക്കുവരവുകള്‍ പ്രത്യേക അപേക്ഷയില്ലാതെ നടത്താനാകും. പട്ടയങ്ങളുടെ ആധികാരികത ക്യുആര്‍ കോഡ് ഉപയോഗിച്ച് ഉറപ്പാക്കാമെന്നതിനാല്‍ വ്യാജ പട്ടയങ്ങള്‍ സൃഷിച്ചു നടത്തുന്ന തട്ടിപ്പുകള്‍ തടയാന്‍ കഴിയും. ഇവ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ വ്യക്തികള്‍ക്കു നല്‍കിയിട്ടുള്ള പട്ടയങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ലഭിക്കും. വീണ്ടും പട്ടയങ്ങള്‍ക്ക് അപേക്ഷിക്കുന്നത് ഇതുവഴി ഒഴിവാക്കാന്‍ കഴിയും. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ റവന്യൂ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ലാണ് ഇ-പട്ടയങ്ങളെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com