മണിച്ചന്റെ മോചനം: ജയില്‍ ഉപദേശക സമിതി തീരുമാനം വൈകിപ്പിക്കുന്നത് എന്തുകൊണ്ട്?; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th May 2022 12:45 PM  |  

Last Updated: 13th May 2022 12:45 PM  |   A+A-   |  

SupremeCourtofIndia

സുപ്രീം കോടതി/ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ വ്യാജമദ്യദുരന്ത കേസിലെ പ്രതി മണിച്ചന്റെ ജയില്‍മോചനക്കാര്യത്തില്‍ തീരുമാനം നീളുന്നതില്‍ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. മണിച്ചന്റെ മോചനം സംബന്ധിച്ച് നാലുമാസമായിട്ടും ജയില്‍ ഉപദേശക സമിതി തീരുമാനം വൈകിപ്പിക്കുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഇനിയും തീരുമാനം വൈകിയാല്‍ ഇടക്കാല ഉത്തരവ് ഉറക്കുമെന്നും കോടതി വ്യക്തമാക്കി.

ജയില്‍ ഉപദേശക സമിതിയോട് ഫയലുകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി. മെയ് 19 നകം ഹാജരാക്കാനാണ് നിര്‍ദേശം. ചില കാരണങ്ങളുണ്ടെന്നും അത് കോടതിയില്‍ പരസ്യമായി പറയാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. കേസ് രണ്ടുമാസം കഴിഞ്ഞ് പരിഗണിക്കാന്‍ തീരുമാനിക്കണമെന്നും, അതിനകം അപേക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു. 

ഈ വാദം അംഗീകരിക്കാതിരുന്ന കോടതി, എന്താണ് തടസ്സമെന്ന് ചോദിച്ചു. സംസ്ഥാന സര്‍ക്കാരല്ല, ജയില്‍ ഉപദേശകസമിതിയാണ് തീരുമാനമെടുക്കേണ്ടത്. അവര്‍ തീരുമാനമെടുത്ത് സര്‍ക്കാരിന് നല്‍കുകയാണ് ചെയ്യേണ്ടത്. നാലുമാസമായിട്ടും ജയില്‍ ഉപദേശക സമിതി അപേക്ഷയില്‍ തീരുമാനമെടുക്കാതെ ഇരിക്കുകയാണ്. എന്താണ് കാരണമെന്നു പറയാന്‍ പോലും കഴിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. 

പറയാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ മുദ്ര വെച്ചകവറില്‍ കോടതിയില്‍ സമര്‍പ്പിക്കാവുന്നതാണ്. അതല്ലാതെ ഇത് അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ല. ഇത്തരത്തിലുള്ള നിലപാട് തുടര്‍ന്നാല്‍ കോടതിക്ക് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരും. അതിന് ഇടയാക്കരുതെന്നും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഓടുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ