മുറിയില്‍ പൂട്ടിയിടും, ഫോണ്‍ വിളിക്കാന്‍ അനുവാദമില്ല; പല സ്ത്രീകളുമായും ബന്ധം; പൊലീസുകാരനായ ഭര്‍ത്താവില്‍ നിന്നും നജ്‌ല നേരിട്ടത് കൊടിയ പീഡനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th May 2022 12:34 PM |
Last Updated: 14th May 2022 12:34 PM | A+A A- |

റെനിസ്, മരിച്ച നജ്‌ല/ ഫയല്‍
ആലപ്പുഴ: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനായ റെനിസ് ഭാര്യ നജ് ലയെ നിരന്തരം പീഡിപ്പിച്ചിരുന്നു. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നജ്‌ലയെ അനുവദിച്ചിരുന്നില്ല. പുറത്ത് പോകുമ്പോള്‍ ഇയാള്‍ നജ് ലയെ മുറിയില്‍ പൂട്ടിയിടുമായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പുറം ലോകവുമായി ബന്ധപ്പെടാന്‍ നജ്‌ലയെ അനുവദിച്ചില്ല. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കും സ്ത്രീധനമായി നജ്‌ലയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ് ലയെ പല തവണ റെനിസ് വീട്ടിലേക്ക് തിരിച്ചയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പല സ്ത്രീകളുമായും റെനീസിന് വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. ബന്ധുവായ ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ റെനീസ് ആഗ്രഹിച്ചിരുന്നു. ഇതേച്ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നു. നജ്‌ലയെ ഇയാല്‍ ക്രൂരമായി മര്‍ദ്ദിക്കാറുമുണ്ടായിരുന്നു. റെനീസിന്റെ ശാരീരിക-മാനസിക പീഡനങ്ങളാണ് നജ്‌ലയെ കുട്ടികളെ കൊലപ്പെടുത്തി ത്മഹത്യ ചെയ്യുന്നതിലേക്ക് നയിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഈ മാസം പത്തിനാണ് ആലപ്പുഴ പൊലീസ് ക്വാട്ടേഴ്‌സില്‍ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തത്. സിവില്‍ പൊലീസ് ഓഫീസര്‍ റെനീസിന്റെ ഭാര്യ നെജ്‌ല മക്കളായ ടിപ്പു സുല്‍ത്താന്‍, മലാല എന്നിവരാണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജ് ഔട്ട് പോസ്റ്റിലാണ് റനീസിന് ജോലി. ആലപ്പുഴ കുന്നുംപുറത്തുള്ള എആര്‍ ക്യാമ്പിലെ പൊലീസ് ക്വാട്ടേഴ്‌സിലാണ് റെനീസും കുടുംബവും താമസിച്ചിരുന്നത്.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജില ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒന്നരവയസുള്ള മലാലയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം ടിപ്പു സുല്‍ത്താനെ ഷാള്‍ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലായ റെനീസിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. കേസന്വേഷണം ആലപ്പുഴ ഡിസിആര്‍ബി ഡിവൈസ്പിക്ക് കൈമാറിയിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ