കണ്‍ട്രോള്‍ റൂം തുറന്നു; ബോട്ടുകളും ജീവന്‍രക്ഷാ ഉപകരണങ്ങളും തയ്യാറാക്കാന്‍ പൊലീസിന് നിര്‍ദേശം, മഴ ശക്തിപ്രാപിക്കുന്നു: മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍

മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ സജ്ജമാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം
ചിത്രം: എക്‌സ്പ്രസ്‌
ചിത്രം: എക്‌സ്പ്രസ്‌

തിരുവനന്തപുരം: മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ സജ്ജമാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. എല്ലാ ജില്ലകളിലും കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് യോഗം നിര്‍ദേശിച്ചു. ദുരന്ത നിവാരണ അതോറിറ്റി കണ്‍ട്രോള്‍ റൂം നമ്പര്‍: 1077. വൈദ്യുതി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് 1912 എന്ന നമ്പറില്‍ വിളിക്കാം.

പ്രശ്‌ന സാധ്യതാ സ്ഥലങ്ങളില്‍ പ്രത്യേക അലര്‍ട്ട് സംവിധാനം രൂപീകരിക്കും. വെള്ളപ്പൊക്ക സാധ്യതാ മേഖലകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്തു കളയാനുള്ള സംവിധാനം സജ്ജമാക്കണം. മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ  മാറ്റിപ്പാര്‍പ്പിക്കണം. വേണ്ടിവന്നാല്‍ ക്യാമ്പ് ആരംഭിക്കണം.  ഇവിടങ്ങളില്‍ ഭക്ഷണം, കുടിവെള്ളം  ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. 

രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടും ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍, പൊലീസ്, അഗ്നിരക്ഷ സേനകള്‍ക്കും പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡിജിപി അനില്‍ കാന്ത് ജാഗ്രതാനിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ പൊലീസ് മേധാവിമാര്‍ ജില്ലാ കലക്ടര്‍മാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. ജെ സി ബി, ബോട്ടുകള്‍, മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ തയ്യാറാക്കി വെയ്ക്കാന്‍ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ സുരക്ഷാ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ തീരദേശ പൊലീസ് സ്റ്റേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.  തീരദേശമേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കടലോര ജാഗ്രതാ സമിതിയുടെ സേവനം വിനിയോഗിക്കും. 

മണ്ണിടിച്ചില്‍ പോലെയുള്ള അപകടങ്ങള്‍ സംഭവിക്കാനിടയുള്ള സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവശ്യഘട്ടങ്ങളില്‍ പൊലീസിന്റെ എല്ലാ വിഭാഗങ്ങളുടെയും സേവനം പൊതുജനങ്ങള്‍ക്ക് താമസംവിനാ ലഭ്യമാക്കാന്‍ യൂണിറ്റ് മേധാവിമാര്‍ നടപടി സ്വീകരിക്കും.

പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ വാര്‍ത്താവിനിമയബന്ധം തടസ്സപ്പെടാതിരിക്കാന്‍ ടെലികമ്യൂണിക്കേഷന്‍ വിഭാഗം എസ് പി നടപടിയെടുക്കും.

പൊലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസറായി സായുധ പൊലീസ് ബറ്റാലിയന്‍ വിഭാഗം എഡിജിപി കെ പത്മകുമാറിനെയും  ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാക്കറെയെയും നിയോഗിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com