'കോണ്‍ഗ്രസ് തൃക്കാക്കരയിലെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമോ?'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2022 05:42 PM  |  

Last Updated: 15th May 2022 05:42 PM  |   A+A-   |  

uma_thomas

ഉമ തോമസ്

 

കണ്ണൂര്‍: കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് പാരയായെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. അനുഭവസമ്പത്തില്ലാത്ത ബന്ധുക്കളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാടില്ലെന്ന നിര്‍ദേശം ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് എതിര്‍ക്കുകയല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല. യാതൊരു രാഷ്ട്രീയ പരിചയവും ഇല്ലാത്തയാളെയാണ് തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ജയരാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണരൂപം


നേതാക്കളുടെ ബന്ധുക്കള്‍ക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ കോണ്‍ഗ്രസില്‍ വിലക്ക്- തൃക്കാക്കര സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമോ?
====================
കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് പാരയായി. നേതാക്കളുടെ അനുഭവസമ്പത്തില്ലാത്ത ബന്ധുക്കളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശം ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് എതിര്‍ക്കുകയല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല. യാതൊരു രാഷ്ട്രീയ പരിചയവും ഇല്ലാത്തയാളെയാണ് തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. പി ടി തോമസ് ജീവിച്ചിരുന്ന കാലത്ത് കുടുംബവാഴ്ചയെയും ഇതുപോലെയുള്ള ബന്ധുത്വ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെയും എതിര്‍ത്തതാണ്. 
കെ വി തോമസ് ഉയര്‍ത്തിവിട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കെ പി സി സി ക്ക് ആവുന്നില്ല. ഡിസിസി ജനറല്‍ സെക്രട്ടറി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തോമസിനോടൊപ്പം കോണ്‍ഗ്രസ് വിട്ടു, ഇടതുപക്ഷവുമായി സഹകരിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് എന്ത് യോഗ്യതയാണ് എന്ന ചോദ്യമാണ് ഇവരെല്ലാം ഉയര്‍ത്തുന്നത്. ആ ചോദ്യം തന്നെയല്ലെ ചിന്തന്‍ ശിബിരത്തിലെ ബന്ധുക്കള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കരുതെന്ന നിര്‍ദ്ദേശത്തിലും അടങ്ങിയിരിക്കുന്നത്. കെ പി സി സി നേതൃത്വം കരുതിയിരുന്നത് സഹതാപതരംഗം ഉണ്ടാകുമെന്നാണ്. തൃക്കാക്കരയിലെ ജനങ്ങള്‍ അത് തള്ളിക്കളഞ്ഞു. അവര്‍ വികസനത്തോടൊപ്പമാണെന്ന് തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ തെളിഞ്ഞു കൊണ്ടിരിക്കയാണ്. തൃക്കാക്കരയിലെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞ കാര്യം, ഇപ്പോള്‍ എ ഐ സി സി യും അതേ നിലപാട് സ്വീകരിക്കുക വഴി കെ പി സി സി നേതൃത്വത്തെയാണ് വെട്ടിലാക്കിയത്. എന്തായാലും തൃക്കാക്കരയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ പരാജയമായിരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

വിയര്‍പ്പൊഴുക്കുക, കുറുക്കുവഴികളില്ല. ജനവിശ്വാസം തിരിച്ചുപിടിക്കണം; രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ