'മകൻ അവർക്ക് തടസമായി; ഹാരിസിന്റെ ഭാര്യയും ഷൈബിനും തമ്മിൽ രഹസ്യ ബന്ധം'- കൊലപാതകമെന്ന് മാതാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2022 12:11 PM  |  

Last Updated: 15th May 2022 12:11 PM  |   A+A-   |  

haris_death

ടെലിവിഷൻ ദൃശ്യം

 

കോഴിക്കോട്: പ്രവാസി വ്യവസായി ഹാരിസിന്റെ മരണം കൊലപാതകമാണെന്ന് ആരോപണം. കുടുംബമാണ് ആരോപണവുമായി രം​ഗത്തെത്തിയത്. നിലമ്പൂരില്‍ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫാണ് ഹാരിസിന്റെ കൊലപാതകത്തിന് പിന്നിലെന്ന് ഹാരിസിന്റെ മാതാവ് സൈറാബി പറഞ്ഞു. 

ഹാരിസിന്റെ ഭാര്യയുമായി ഷൈബിനുണ്ടായിരുന്ന രഹസ്യ ബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്ന് അവര്‍ ആരോപിച്ചു.  സംഭവത്തില്‍ നീതി ലഭിക്കണമെന്നും മാതാവ് ആവശ്യപ്പെട്ടു.

കുന്ദമംഗലം ഈസ്റ്റ് മലയമ്മ സ്വദേശിയാണ് ഹാരിസ്. ഹാരിസും ഷൈബിനും ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നീട് ഭാര്യയുമായി ഷൈബിന്‍ രഹസ്യ ബന്ധം പുലര്‍ത്തിയത് ഹാരിസ് അറിഞ്ഞു. ഈ ബന്ധം ഹാരിസ് കൈയോടെ പിടികൂടി. ഇതിനു ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. 

ഹാരിസിനെതിരേ ഷൈബിന്‍ നേരത്തെ ക്വട്ടേഷന്‍ നല്‍കിയിരുന്നു. മകന്‍ ജീവിച്ചിരിക്കുന്നത് ഇരുവർക്കും തടസമായിരുന്നു. ഇരുവരുടേയും ഭാഗത്തു നിന്ന് വധ ഭീഷണിയുണ്ടെന്ന് മകന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും സൈറാബി വ്യക്തമാക്കി. പണവും സ്വാധീനവുമുള്ള ആളാണ് ഷൈബിന്‍. അയാളെ ഭയന്നിട്ടാണ് ഇത്രയും കാലം പരാതി നല്‍കാതിരുന്നത്. തങ്ങള്‍ക്ക് നീതി വേണം. ഹാരിസിന്റെ മൃതദേഹം റീപോസ്റ്റുമോര്‍ട്ടം നടത്തണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും സൈറാബി വ്യക്തമാക്കി.

2020 മാര്‍ച്ചിലാണ് പ്രവാസി വ്യവസായിയായ ഹാരിസിനെ അബുദാബിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാരിസും ഷൈബിനും നേരത്തെ ഗള്‍ഫില്‍ ബിസിനസ് പങ്കാളികളായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് നിലമ്പൂരില്‍ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ ഷൈബിന്‍ അഷ്‌റഫ് പിടിയിലായതോടെയാണ് ഹാരിസിന്റെ മരണത്തിലും സംശയമുണര്‍ന്നത്. 

കേസിലെ കൂട്ടുപ്രതികള്‍ നല്‍കിയ പെന്‍ഡ്രൈവില്‍ ഹാരിസിനെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ബ്ലൂ പ്രിന്റുകളും അടങ്ങിയിരുന്നു. ഹാരിസിനെ കീഴ്‌പ്പെടുത്തി വകവരുത്തേണ്ട പദ്ധതിയുടെ പലഘട്ടങ്ങളാണ് പ്രിന്റെടുത്ത് സൂക്ഷിച്ചിരുന്നത്. ഈ പ്രിന്റുകളുടെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതോടെയാണ് ഹാരിസിന്റെ മരണത്തിലും അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നത്.

ഈ വാർത്ത കൂടി വായിക്കാം

പുനര്‍വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കേ മരണം, ഹാരിസ് 'ആത്മഹത്യ ചെയ്യില്ല'; ഷൈബിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ