കൂളിമാട് പാലം തകർന്ന സംഭവം; പ്രൊജക്ട് ഡയറക്ടറോട് വിശദ റിപ്പോർട്ട് തേടി മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2022 10:04 PM  |  

Last Updated: 16th May 2022 10:04 PM  |   A+A-   |  

muhammad_riyas

ഫോട്ടോ: ഫെയ്സ്ബുക്ക്

 

കോഴിക്കോട്: കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ മന്ത്രി പിഎ മുഹമ്മദ് റിയാസ് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) പ്രൊജക്ട് ഡയറക്ടറോട് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. പാലം പണി പരിശോധിക്കാൻ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിനും മന്ത്രി നിർദേശം നൽകി. ഗർഡറുകൾ പുനഃസ്ഥാപിച്ച് പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി മന്ത്രി അറിയിച്ചു.

രാവിലെ ഒന്‍പതോടെയാണ് മപ്രം ഭാഗത്ത് അപകടമുണ്ടായത്. വലിയ കോണ്‍ക്രീറ്റ് ബീം യന്ത്ര സഹായത്തോടെ പാലത്തിന്റ തൂണില്‍ ഘടിപ്പിക്കുന്നതിനിടെ ഇളകി വീഴുകയായിരുന്നു. ഒരെണ്ണം പൂര്‍ണമായും പുഴയില്‍ പതിച്ചു. മറ്റ് രണ്ടെണ്ണം ഇളകി താഴെക്ക് തൂങ്ങി നിന്നു. 

അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റു. ബീം ഉറപ്പിക്കാന്‍ ഉപയോഗിച്ച യന്ത്രം പണിമുടക്കിയതാണ് അപകടകാരണമെന്ന് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി വ്യക്തമാക്കി.

2019ലാണ് ചാലിയാറിന് കുറുകെ 25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന്റ പണി തുടങ്ങിയത്. ആ വര്‍ഷത്തെ പ്രളയത്തില്‍ പണി തടസപ്പെടുകയും നിര്‍മാണ സാമഗ്രികള്‍ ഒലിച്ചുപോകുകയും ചെയ്തിരുന്നു. പുഴയില്‍ വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്ലാനും എസ്റ്റിമേറ്റും പുതുക്കിയാണ് പണി പുനരാരംഭിച്ചത്.

ഈ വാർത്ത കൂടി വായിക്കാം

ലൈഫ് പദ്ധതി: 20808 വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി നിര്‍വഹിക്കും

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ