ലക്ഷ്യം 'ലെവല്‍ ക്രോസുകളില്ലാത്ത കേരളം'; 9 റെയില്‍വെ മേല്‍പാലങ്ങളുടെ പ്രവൃത്തി ഒരുമിച്ച് പുരോഗമിക്കുന്നു

സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറിലാണ് മേല്‍പാലങ്ങള്‍ നിര്‍മ്മിക്കുന്നത്.
മന്ത്രി മുഹമ്മദ് റിയാസ്/ ഫയല്‍
മന്ത്രി മുഹമ്മദ് റിയാസ്/ ഫയല്‍

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി 9 റെയില്‍വെ മേല്‍പാലങ്ങളുടെ പ്രവൃത്തി ഒരുമിച്ച് പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ്. ലെവല്‍ ക്രോസുകളില്ലാത്ത കേരളം എന്നത് ഇടതു സര്‍ക്കാരിന്റെ സ്വപ്നമാണ്. ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ ഇക്കാര്യം വാഗ്ദാനം ചെയ്തിരുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

72 റെയില്‍വെ മേല്‍പാലങ്ങള്‍ നിര്‍മ്മിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാഞ്ഞങ്ങാട് റെയില്‍വെ മേല്‍പാലം പ്രവൃത്തി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു. 9 മേല്‍പാല നിര്‍മ്മാണം ഒരുമിച്ച് പുരോഗമിക്കുന്നു. സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറിലാണ് ഇവ നിര്‍മ്മിക്കുന്നത്. കേരളത്തിലാദ്യമായാണ് ഈ രീതിയില്‍ പാലം നിര്‍മ്മിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 66 റെയില്‍വെ മേല്‍പാലങ്ങള്‍ നിര്‍മ്മിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: 
 
9 മേല്‍പാലങ്ങള്‍ ഒരുമിച്ച് പുരോഗമിക്കുന്നു.. 
ലെവല്‍ ക്രോസുകളില്ലാത്ത കേരളം.. 
ലെവല്‍ ക്രോസുകളില്ലാത്ത കേരളം എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്നമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ ഇക്കാര്യം വാഗ്ദാനം ചെയ്തിരുന്നു. 72 റെയില്‍വെ മേല്‍പാലങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യം. ഈ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വലിയ പുരോഗതിയാണ് ഈ പദ്ധതിയില്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ കാഞ്ഞങ്ങാട് റെയില്‍വെ മേല്‍പാലം പ്രവൃത്തി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു.
ചരിത്രത്തിലാദ്യമായി 9 റെയില്‍വെ മേല്‍പാലങ്ങളുടെ പ്രവൃത്തി ഒരുമിച്ച് പുരോഗമിക്കുകയാണ്. സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറിലാണ് ഇവ നിര്‍മ്മിക്കുന്നത്. കേരളത്തിലാദ്യമായാണ് ഈ രീതിയില്‍ പാലം നിര്‍മ്മിക്കുന്നത്. 
കിഫ്ബി ഫണ്ട് ഉപയോഗിച്ച് 66 റെയില്‍വെ മേല്‍പാലങ്ങളാണ് നിര്‍മ്മിക്കുന്നത്. 
കൊടുവള്ളി, തനൂര്‍  തെയ്യാല, അകത്തേത്തറ, ചിറങ്ങര, ഗുരുവായൂര്‍, മാളിയേക്കല്‍ എന്നിവിടങ്ങളില്‍ പൈലിംഗ് പൂര്‍ത്തിയാക്കി. വാടാനംകുറിശ്ശി, ഇരവിപുരം, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ പൈലിംഗ് അവസാനഘട്ടത്തിലാണ്. ചേളാരി  ചെട്ടിപ്പടി മേല്‍പാലത്തിന്റെ പുതുക്കിയ അലൈന്‍മെന്റിന് റെയില്‍വെയുടെ അനുമതി ലഭിക്കാനുണ്ട്. 
ബജറ്റ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന 6 മേല്‍പാലങ്ങളാണുള്ളത്. ഇതില്‍ ഫറോക്ക് റെയില്‍വെ മേല്‍പാലത്തിന്റെ പ്രവൃത്തി ആരംഭിച്ചു. കാരിത്താസ്, മുളന്തുരുത്തി മേല്‍പാലങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. ബാക്കിയുള്ള റെയില്‍വെ പാലങ്ങളുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഭൂമിയേറ്റെടുക്കല്‍, റെയില്‍വെയുടെ അംഗീകാരം ലഭ്യമാക്കല്‍, അലൈന്‍മെന്റ് നിശ്ചയിക്കല്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com