'മുഖ്യമന്ത്രി നായയാണെന്ന് പറഞ്ഞിട്ടില്ല, അങ്ങനെ തോന്നുന്നുവെങ്കില്‍ പരാമര്‍ശം പിന്‍വലിക്കുന്നു'; മറുപടിയുമായി കെ സുധാകരന്‍

ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്യട്ടെയെന്നും സുധാകരന്‍
കെ സുധാകരന്‍
കെ സുധാകരന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദപരാമര്‍ശത്തില്‍ മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായിയെ നായയെന്ന് വിളിച്ചിട്ടില്ല. അങ്ങനെ തോന്നുന്നുവെങ്കില്‍ പരാമര്‍ശം പിന്‍വലിക്കുന്നു. ഉപയോഗിച്ചത് മലബാറിലെ പ്രാദേശിക പ്രയോഗം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്യട്ടെയെന്നും സുധാകരന്‍ പറഞ്ഞു.

ഭരണസംവിധാനം ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് രംഗത്തുവന്നത്. തൃക്കാക്കരയില്‍ മുഖ്യമന്ത്രിയും സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടിപ്പണിയെടുക്കുന്നുവെന്നാണ് പറഞ്ഞതെന്ന് സുധാകരന്‍ പറഞ്ഞു. 

തൃക്കാക്കര മണ്ഡലത്തില്‍ മുഖ്യമന്ത്രി ചങ്ങലയില്‍നിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ പരാമര്‍ശം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ ആക്ഷേപം. 

'' ഒരു മുഖ്യമന്ത്രിയാണ് ഇങ്ങനെ നടക്കുന്നതെന്ന് ഓര്‍മവേണം. ഒരു നിയോജകമണ്ഡലത്തിലെ ബൈ ഇലക്ഷന് അദ്ദേഹം ചങ്ങലയില്‍നിന്നു പൊട്ടിയ നായ പോകുമ്പോലെയല്ലേ വരുന്നത്. ചങ്ങലയില്‍നിന്നു പൊട്ടിയ പട്ടി എങ്ങനെയാ പോകുക. അതുപോലെയല്ലേ അദ്ദേഹം വരുന്നത്. നിയന്ത്രിക്കാനാരെങ്കിലുമുണ്ടോ? അയാളെ പറഞ്ഞു മനസ്സിലാക്കാന്‍ ആരെങ്കിലുമുണ്ടോ? അയാളിറങ്ങി നടക്കുകയല്ലേ? ഞങ്ങള്‍ക്ക് ഹാലിളകിയിട്ടില്ല. ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതേ ഞങ്ങള്‍ പറയുന്നുള്ളൂ- സുധാകരന്‍ പറഞ്ഞു

അതേസമയം, കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നെറികെട്ട പ്രസ്താവനയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്ന് സിപിഎം പറഞ്ഞു. പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷം ഉണ്ടാക്കി നേട്ടം കൊയ്യാനാകുമോ എന്ന അവസാന അടവാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് മുന്നോട്ട് വച്ചിട്ടുള്ളത്. ഇത്തരം രാഷ്ട്രീയസംസ്‌കാരത്തിനൊപ്പം കേരളം ഇല്ലെന്ന പ്രഖ്യാപനമായി തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം മാറുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായയെന്ന് വിളിച്ച് കെ സുധാകരന്‍ അധിക്ഷേപിച്ചതിനെതിരെയാണ് സിപിഎം രംഗത്തുവന്നത്.

തൃക്കാക്കര മണ്ഡലം തങ്ങളുടെ കുത്തകയാണെന്നും അവ ജയിച്ചുവരുമെന്നുമുള്ള യുഡിഎഫിന്റെ പ്രതീക്ഷകളെ പൂര്‍ണ്ണമായും അസ്ഥാനത്താക്കിക്കൊണ്ടുള്ള ജനമുന്നേറ്റമാണ് അവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വികസന പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തുകൊണ്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇത്തരം മുന്നേറ്റത്തിന് ഒരു സുപ്രധാന ഘടകമായി മാറിയിട്ടുള്ളത്. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനാകാതെ സ്തംഭിച്ച് നില്‍ക്കുകയാണ് യുഡിഎഫ്. ഇതിന്റെ ഫലമായി സമനില നഷ്ട്ടപ്പെട്ട കെപിസിസി പ്രസിഡന്റിന്റെ യഥാര്‍ത്ഥ സംസ്‌കാരമാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്.

കോണ്‍ഗ്രസ്സിന്റെ മുഖം മാറ്റാനെന്ന പേരില്‍ സംഘടിപ്പിച്ച ചിന്തന്‍ശിബിരത്തിന് ശേഷമാണ് ഈ പ്രസ്താവന പുറത്തുവന്നിട്ടുള്ളത്. കോണ്‍ഗ്രസ്സിന്റെ മാറുന്ന മുഖമാണോ ഇതെന്ന് സ്വാഭാവികമായും ജനങ്ങള്‍ സംശയിക്കും. അതുകൊണ്ട് ഇക്കാര്യത്തില്‍ മറ്റ് കോണ്‍ഗ്രസ്സ് നേതാക്കളുടെയും യുഡിഎഫ് നേതാക്കളുടെയും അഭിപ്രായം അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടാകും. രാഷ്ട്രീയ പ്രവര്‍ത്തനമെന്നത് ഉന്നതമായ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നടത്തേണ്ട ഒന്നാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ രാഷ്ട്രീയമായി ഭിന്നതയുള്ളവരെപോലും ചിന്തിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുമ്പോഴാണ് രാഷ്ട്രീയം ജനങ്ങള്‍ക്കാകമാനം മതിപ്പുളവാക്കുന്ന ഒന്നായി മാറുകയുള്ളൂ. അതിനുപകരം കെപിസിസി പ്രസിഡന്റ് നടത്തിയിട്ടുള്ള പ്രസ്താവന കേരളത്തിന്റെ രാഷ്ട്രീയത്തെ മലീമസമാക്കാനുള്ളതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com