'കേരളം ഇന്ധന നികുതി ഇനിയും കുറയ്ക്കണമെന്ന് പറയുന്നത് ജനവിരുദ്ധം, പെട്രോളിന് 3.97 രൂപയും ഡീസലിന് 3.68 രൂപയും കുറച്ചു'; നിലപാട് ആവര്‍ത്തിച്ച് ധനമന്ത്രി 

ഇന്ധന വില വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
കെഎന്‍ ബാലഗോപാല്‍ /ഫയല്‍ ചിത്രം
കെഎന്‍ ബാലഗോപാല്‍ /ഫയല്‍ ചിത്രം

തിരുവനന്തപുരം:  ഇന്ധന വില വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെട്രോളിന്റെയും ഡീസലിന്റെയും നികുതി കേരളം ഇനിയും കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ജനങ്ങളുടെ താല്‍പ്പര്യത്തിന് വിരുദ്ധമെന്ന് കെ എന്‍ ബാലഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

 'കേരളത്തില്‍  കോവിഡ് അനുബന്ധ ചെലവ് കൂടുകയും മറ്റേത് സംസ്ഥാനങ്ങളേക്കാളും പൊതുജനാരോഗ്യത്തിനും ക്ഷേമത്തിനും ഭക്ഷ്യസുരക്ഷയ്ക്കും സൗജന്യ ചികിത്സയ്ക്കും ചെലവ് വര്‍ധിപ്പിക്കുകയും ചെയ്തപ്പോഴും ഇന്ധന നികുതി ഒരിക്കല്‍ പോലും കൂട്ടിയിട്ടില്ല. ഇതിനൊക്കെ പുറമേ കേന്ദ്രവിഹിതം,  ജി എസ് ടി നഷ്ടപരിഹാരം,  റവന്യൂകമ്മി ഗ്രാന്‍ഡ് എന്നീ വകയില്‍ നിലവില്‍ കേരളത്തിന് കിട്ടേണ്ട വരുമാനത്തില്‍ ഏകദേശം 19,000 കോടിയിലധികം ഈ സാമ്പത്തിക വര്‍ഷം കുറവുവരും. കമ്പോളത്തില്‍ നിന്നും കടം എടുക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോള്‍ കേന്ദ്രം കൊണ്ടുവന്നിരിക്കുന്നത്.അങ്ങനെ ഒരു വശത്തുകൂടെ കേന്ദ്രവിഹിതത്തിലെ വളരെ വലിയ ഇടിവും , മറുവശത്ത്, കേരള സര്‍ക്കാര്‍ പ്രതിബദ്ധതയോടെ ഏറ്റെടുത്തു നടത്തുന്ന സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, വീണ്ടും കേരളം നികുതി ഇളവു നല്‍കണമെന്ന വാശിപിടിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത് ഒരു ചുരുങ്ങിയ കാലംകൊണ്ട് നികുതി അതിഭീമമായ വര്‍ദ്ധനവ് വരുത്തിയ കേന്ദ്രനിലപാട് തിരിച്ചറിയുകയും അമിതമായി കിട്ടിയ നികുതി കേന്ദ്രം വീണ്ടും കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയുമാണ്.' - ബാലഗോപാല്‍ കുറിച്ചു.


കുറിപ്പ്: 

അവശ്യവസ്തുകള്‍ ഉള്‍പ്പെടെയുള്ള ചരക്കുകളുടെ വില പിടിവിട്ട് കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്നതുമൂലം കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ നികുതി 8 രൂപയും ഡീസലിന് 6 രൂപയും കുറയ്ക്കാന്‍ നിര്‍ബന്ധിതമായി. ഇത് സ്വാഗതാര്‍ഹമായ ഒരു നടപടിയാണ്, എന്നാല്‍ 2014 മുതല്‍ നിരന്തരമായി വര്‍ധിപ്പിച്ച നികുതിയാണ് നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കുറവു ചെയ്തത്. 
2020 മാര്‍ച്ച്, മെയ് കാലയളവിലായി കേന്ദ്രം പെട്രോളിന് 13.32 രൂപയും ഡീസലിന് 17.97 രൂപയും നികുതി വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഈ വര്‍ദ്ധനവാണ് കുറവ് ചെയ്തിരിക്കുന്നത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിന്  9.48 രൂപയും ഡീസലിന് 3.56 രൂപയും മാത്രമായിരുന്നു കേന്ദ്ര നികുതി. ഇപ്പോഴത്തെ ഇളവിന് ശേഷവും കേന്ദ്ര പെട്രോള്‍ നികുതി 2014 നേക്കാള്‍ രണ്ടിരട്ടിയും ഡീസലിന് നാലിരട്ടിയും കൂടുതല്‍ ആണ്
കേന്ദ്രം 2021 നവംബര്‍ 4ന് ഡീസലിന്  നികുതി 10 രൂപയും പെട്രോളിന് 5 രൂപയും കുറച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ കുറഞ്ഞതാവട്ടെ ഡീസലിന് 12.30 രൂപയും പെട്രോളിന് 6.56 രൂപയുമാണ്. ഇതില്‍ 2.30 രൂപ ഒരു ലിറ്റര്‍ ഡീസലിനും 1.56 രൂപ ഒരു ലിറ്റര്‍ പെട്രോളിനും അധികമായി കുറഞ്ഞത് കേരളത്തിന്റെ വകയായിട്ടാണ്. ഇപ്പോള്‍ കേന്ദ്രം നികുതി കുറച്ചതിന്റെ ഫലമായി കേരളത്തിനു പെട്രോള്‍ നികുതിയില്‍ 2.41 രൂപയുടെയും ഡീസലിന് 1.36 രൂപയുടെയും കുറവ് വരും. ആ രൂപത്തില്‍ 2021 നവംബര്‌നു ശേഷം   കേരളം  പെട്രോളിന് 3.97 രൂപയും ഡീസലിന് 3.68 രൂപയും നികുതി കുറച്ചു. കേരളത്തില്‍ വന്ന നികുതി കുറവിനെ വെറും ആനുപാതിക കുറവ് എന്നുപറഞ്ഞു കുറച്ചു കാണേണ്ടതില്ല. പകരം നമ്മുടെ നികുതി ഘടനയുടെ പ്രത്യേകത കൊണ്ടുതന്നെ നികുതി നിരക്കില്‍ കേരളത്തിലും കുറവ് വരുത്തി എന്നു തന്നെ പറയേണ്ടി വരും. 
എന്നാല്‍ കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2014 സെപ്തംബര്‍ മുതല്‍ നടത്തിയ സംസ്ഥാന നികുതി വര്‍ദ്ധനവ് കൂടി പരിശോധിക്കാം. സെപ്തംബറില്‍ 99.96 ഡോളര്‍, ഒക്ടോബറില്‍ 86.83 ഡോളര്‍, നവംബറില്‍ 77.58 ഡോളര്‍ ഡിസംബറില്‍ 61.21 ഡോളര്‍ 2015 ജനുവരി ആയപ്പോഴേക്കും വില 46.59 ഡോളറായി. ആ സമയത്ത് ഏറ്റവും കുറഞ്ഞ നിരക്കിലായി ക്രൂഡോയില്‍ വില. ഈ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കുന്നതിന് പകരം എന്താണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തത്.?
 13 തവണയാണ് പെട്രോള്‍ നികുതി വര്‍ധിപ്പിച്ചത്. 
2015 ഫെബ്രുവരി മുതല്‍ വീണ്ടും ക്രൂഡ് വില വര്‍ധിക്കാന്‍ തുടങ്ങി. വിലകുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് പകരം 2015 ഫെബ്രുവരിയില്‍ സംസ്ഥാന പെട്രോള്‍ നികുതി  31.80 ശതമാനമായും ഡീസല്‍ നികുതി 24.52 ശതമാനമായും വര്‍ധിപ്പിക്കുകയാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. 
എന്നാല്‍ 2016 ഘഉഎ അധികാരത്തില്‍ വന്നത് മുതല്‍ കേരളം ഇന്നേവരെ ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടെയില്ല. 2018 ജൂണില്‍ ഘഉഎ സര്‍ക്കാര്‍ പെട്രോളിന്റെ നികുതി നിരക്ക് 31.80ല്‍ നിന്നും 30.08 ശതമാനമായും ഡീസലിന്റെ നികുതി നിരക്ക് 24.52ല്‍ നിന്നും 22.76 ശതമാനമായും കുറച്ചു.
കോവിഡ് കാലത്തു ഡജ, ഗോവ, ഹരിയാന, ചത്തീസ്ഗഡ്, കര്‍ണാടക, ആസാം മുതലായ സംസ്ഥാനങ്ങള്‍ ഇന്ധന നികുതി വര്‍ധിപ്പിച്ചപ്പോള്‍ നികുതി വര്‍ധിപ്പിക്കാതെയിരുന്ന ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കോവിഡ് കാലത്ത് ആസാം പെട്രോളിനു വര്‍ധിപ്പിച്ചത് 5 ശതമാനവും ഡീസലിന് കൂട്ടിയത് 7 ശതമാനവുമാണ്. ഗോവ 10  ഉം 7ഉം ശതമാനം, കര്‍ണാടക, 5 ശതമാനം വീതം, മണിപ്പൂര്‍ 15 ഉം 12 ഉം ശതമാനം, ത്രിപുര 8 ഉം, 6 ഉം ശതമാനമാണ്
ഇന്ധനവില കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിരന്തരമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്. ഒന്ന്, ഇന്ധനവില നിര്‍ണ്ണയാധികാരം പൂര്‍ണ്ണമായും കമ്പോളത്തിന് വിട്ടുകൊടുത്തത്. പെട്രോളിന്റെ കാര്യത്തില്‍  ഡജഅ സര്‍ക്കാരായിരുന്നുവെങ്കില്‍ ഡീസല്‍ വില കമ്പോളത്തിന് വിട്ടുകൊടുത്തത് ചഉഅ സര്‍ക്കാരാണ്. അങ്ങനെ ചെയ്യുമ്പോള്‍ അന്താരാഷ്ട്ര വിലയില്‍ മാറ്റം വരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ആനുപാതികമായി ഇന്ത്യയിലും വിലയില്‍ മാറ്റം വരണം. എന്നാല്‍ അത് സംഭവിക്കുന്നില്ല. അന്താരാഷ്ട്ര വിലയില്‍  കുറവ് വരുമ്പോഴൊക്കെ കേന്ദ്രസര്‍ക്കാര്‍ പുതിയ ഇനം നികുതികള്‍ ഏര്‍പ്പെടുത്തുകയും അവ പലതവണയായി വര്‍ധിപ്പിക്കുകയും ചെയ്തു. അതാണ് രണ്ടാമത്തെ കാരണം.
2002ല്‍ അധികാരത്തില്‍ വന്ന ആഖജ സര്‍കാര്‍ ഓയില്‍ പൂള്‍ അക്കൗണ്ട് സംവിധാനം വഴി പെട്രോളിയം വില നിയനന്ത്രിക്കുന്നത് നിര്‍ത്തലാക്കിയതാണ് മൂന്നാമത്തെ കാരണം . 
2018 ഒക്ടോബറില്‍ ക്രൂഡ് വില 80.08 ഡോളറായിരുന്ന സമയത്ത് പെട്രോളിന് കേന്ദ്ര എക്‌സൈസ് നികുതി 17.98 രൂപയായിരുന്നു. 2020 മാര്‍ച്ച് ആയപ്പോഴേക്കും ക്രൂഡ് വില 33.36 ഡോളറായി കുറഞ്ഞു. ഈ സമയത്ത് നികുതി മാറ്റമില്ലാതെ നിലനിര്‍ത്തുകയോ കുറയ്ക്കുകയോ ചെയ്യേണ്ടിയിരുന്ന കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര ഡ്യൂട്ടിയും സെസ്സും 22.98 രൂപയായി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. 2020 മെയില്‍ ക്രൂഡ് വില വീണ്ടും 30.61 ഡോളറായി കുറഞ്ഞു. അപ്പോഴാണ് സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കേന്ദ്രം നികുതി ഉയര്‍ത്തിയത്. അതായത് ഒറ്റയടിക്ക് 32.98 രൂപയാക്കി. 
കേരളത്തില്‍  കോവിഡ് അനുബന്ധ ചെലവ് കൂടുകയും, മറ്റേത് സംസ്ഥാനങ്ങളേക്കാളും പൊതുജനാരോഗ്യത്തിനും, ക്ഷേമത്തിനും, ഭക്ഷ്യസുരക്ഷയ്ക്കും, സൗജന്യ ചികിത്സക്കും ചെലവ് വര്‍ധിപ്പിക്കുകയും ചെയ്തപ്പോഴും ഇന്ധന നികുതി ഒരിക്കല്‍പോലും കൂട്ടിയിട്ടില്ല. 
ഇന്ധനവില കേരളം വീണ്ടും കുറയ്ക്കണമെന്ന് ആവര്‍ത്തിക്കുമ്പോള്‍ നമ്മള്‍ മറക്കുന്ന മറ്റു പല കണക്കുകളും ഉണ്ട്. 20,000 കോടി രൂപയിലധികമുള്ള ചെലവുകളാണ് കോവിഡ് പാക്കേജിലൂടെ സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ച  BPL കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ മൂന്നുവര്‍ഷത്തേക്ക് കൊടുക്കാന്‍ തീരുമാനിച്ചു. സാമൂഹിക സുരക്ഷാ പെന്‍ഷന് വേണ്ടി 10,000 കോടിയിലധികം ചെലവാക്കുന്ന മറ്റു സംസ്ഥാനങ്ങള്‍ ഉണ്ടാവില്ല. KSRTC മുതലായ പൊതുമേഖല സംരംഭങ്ങളെ സംരഷിക്കാന്‍  ആയിരക്കണക്കിനു കോടി രൂപയാണ് ചിലവാക്കുന്നത്. പൊതു വിദ്യഭാസത്തിനും പൊതു വിതരണത്തിനും മറ്റൊരു സംസ്ഥാനവും ചിലവഴിക്കുന്നതില്‍ അധികം തുക കേരളം ചിലവഴിക്കുന്നുണ്ട്.
ഇതിനൊക്കെ പുറമേ കേന്ദ്രവിഹിതം,  ജി എസ് ടി നഷ്ടപരിഹാരം,  റവന്യൂകമ്മി ഗ്രാന്‍ഡ് എന്നീ വകയില്‍ നിലവില്‍ കേരളത്തിന് കിട്ടേണ്ട വരുമാനം ഏകദേശം 19,000 കോടിയിലധികം ഈ സാമ്പത്തിക വര്‍ഷം കുറവുവരും. കമ്പോളത്തില്‍ നിന്നും കടം എടുക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോള്‍ കേന്ദ്രം കൊണ്ടുവന്നിരിക്കുന്നത്.
അങ്ങനെ ഒരു വശത്തുകൂടെ കേന്ദ്രവിഹിതത്തിലെ വളരെ വലിയ ഇടിവും , മറുവശത്ത്, കേരള സര്‍ക്കാര്‍ പ്രതിബദ്ധതയോടെ ഏറ്റെടുത്തു നടത്തുന്ന സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, വീണ്ടും കേരളം നികുതി ഇളവു നല്‍കണമെന്ന വാശിപിടിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത് ഒരു ചുരുങ്ങിയ കാലംകൊണ്ട് നികുതി അതിഭീമമായ വര്‍ദ്ധനവ് വരുത്തിയ കേന്ദ്രനിലപാട് തിരിച്ചറിയുകയും അമിതമായി കിട്ടിയ നികുതി കേന്ദ്രം വീണ്ടും കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയുമാണ്. ഫലത്തില്‍ സംസ്ഥാനത്തിലെയും ജനങ്ങളുടെയും താല്‍പ്പര്യത്തിന് വിരുദ്ധമാണ് കേരളം പെട്രോളിന്റയും ഡീസലിന്റയും നികുതി ഇനിയും കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്.
ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു വിഷയം പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കുന്നത് കേന്ദ്രമായാലും സംസ്ഥാനമായാലും വിലവര്‍ധനവിന്  ഒരു താല്‍ക്കാലിക പരിഹാരം മാത്രമാണെന്നതാണ്. 2021 നവംബര്‍ 4 ല്‍ കേന്ദ്രവും സംസ്ഥാനവും വിലകുറച്ചതിനുശേഷവും കമ്പോളത്തില്‍ വില പൂര്‍വാധികം ഉയരുകയാണ് ചെയ്തത്. ഓയില്‍ പൂള്‍ അക്കൗണ്ട് പോലെയുള്ള ഏതെങ്കിലും സംവിധാനത്തിലൂടെ വില നിയന്ത്രിക്കാതെ ഈ പ്രശ്‌നത്തിന് സ്ഥായിയായ പരിഹാരം കാണാന്‍ കഴിയില്ല  എന്നാണ് ഇത് തെളിയിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com