തീരദേശ പോലീസ് സംവിധാനത്തെ കുറിച്ച് പഠിക്കണം; ഒഡീഷ സംഘം കൊച്ചിയില്‍

ഒഡീഷ തീരദേശ പൊലീസ് വിഭാഗം എഡിജിപി സുധാംശു സാരംഗിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയില്‍ തീരദേശ പൊലീസ് ആസ്ഥാനത്ത് ഐ ജി പി.വിജയനെ സന്ദര്‍ശിച്ചു
coastal_police
coastal_police


കൊച്ചി: കേരളത്തിലെ കോസ്റ്റല്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ ഒഡീഷയില്‍ നിന്നുള്ള ഉന്നത സംഘം കൊച്ചിയിലെത്തി. ഒഡീഷ തീരദേശ പൊലീസ് വിഭാഗം എഡിജിപി സുധാംശു സാരംഗിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയില്‍ തീരദേശ പൊലീസ് ആസ്ഥാനത്ത് ഐ ജി പി.വിജയനെ സന്ദര്‍ശിച്ചു. ഒഡീഷയിലെ കോസ്റ്റ് ഗാര്‍ഡ് മേധാവി കമാന്‍ഡര്‍ അമിത് കെ ആര്‍ ശ്രീവാസ്തവ, ഫിഷറീസ് ഡയറക്ടര്‍ എസ് ആര്‍ പ്രധാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

കേരളത്തിലെ കോസ്റ്റല്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഐജി പി വിജയന്‍ സംഘത്തിന് വിശദീകരിച്ചുനല്‍കി. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ്, നേവി, സ്‌പെഷ്യല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത യോഗത്തില്‍ തീരദേശ പൊലീസിന്റെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. വിവിധ ജില്ലകളിലെ തീരദേശ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മനസ്സിലാക്കാനായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുമായി ഓണ്‍ലൈനില്‍ ആശയവിനിമയം നടത്തി.
    
കടലോര മേഖലയെ 523 ബീറ്റ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാക്കി തിരിച്ച ബ്ലൂ ബീറ്റ് സംവിധാനം, കടലോര ജാഗ്രതാ സമിതി, ഹാര്‍ബര്‍ സുരക്ഷാസമിതി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സംഘം മനസ്സിലാക്കി.

കേരളത്തിലെ തീരദേശ പൊലീസ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളിലും നേട്ടങ്ങളിലും ഒഡീഷ സംഘം സംതൃപ്തി രേഖപ്പെടുത്തി. കടലില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തീരദേശ പൊലീസ് വഹിക്കുന്ന പങ്കിനെ സംഘം പ്രശംസിച്ചു. ഈ മേഖലയില്‍ കേരളത്തിലെ മാതൃക അനുകരണീയമാണെന്നും ഇതിനെ അടിസ്ഥാനമാക്കി പഠിച്ച് ഒഡീഷ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും എഡിജിപി സുധാംശു സാരംഗി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com