'ഭര്‍ത്താവിന്റെ സ്ഥാവര ജംഗമ സ്വത്തുക്കളില്‍ പെടുന്നതല്ല ഭാര്യ'

കടുത്ത പീഡനം സഹിക്കുന്നതിനിടെ താനൊരു വിലയില്ലാത്ത വസ്തുവാണോയെന്ന് വിസ്മയ സംശയിച്ചു പോയിട്ടുണ്ട്
വിസ്മയ /ഫയല്‍ ചിത്രം
വിസ്മയ /ഫയല്‍ ചിത്രം

കൊല്ലം:  'അവള്‍ക്കു സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. നല്ല ആഗ്രഹങ്ങളോടെയും പ്രതീക്ഷകളോടെയും കുടുംബ ജീവിതത്തിലേക്കു കടന്നുവന്ന അവളുടെ എല്ലാ അഭിലാഷങ്ങളെയും സ്ത്രീധനം എന്ന വിപത്ത് ഛിന്നഭിന്നമാക്കി. ഭര്‍ത്താവിന്റെ സ്ഥാവര ജംഗമ സ്വത്തുക്കളില്‍ പെടുന്നതല്ല ഭാര്യ; അവള്‍ക്ക് അവളുടേതായ അന്തസ്സും വ്യക്തിത്വവുമുണ്ട്. ഈ അന്തസ്സ് ആണ് അവളുടെ ജീവിതത്തിന്റെ സുഗന്ധം...' വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് തടവുശിക്ഷ വിധിച്ചുകൊണ്ട് കോടതി പുറപ്പെടുവിച്ച 441 പേജുള്ള വിധിന്യായത്തിലെ വാക്കുകളാണിത്. 

ഭര്‍ത്താവിന്റെ സ്ഥാവര ജംഗമ വസ്തു അല്ല ഭാര്യയെന്നും അവള്‍ക്ക് സ്വന്തം വ്യക്തിത്വവും അഭിമാനവുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സല്‍പേര്  സുഗന്ധ തൈലത്തേക്കാളും ഉത്തമമാണെന്ന ബൈബിള്‍ വാക്യവും കോടതി വിധിയില്‍ ഉദ്ധരിച്ചു. അഭിമാനം നഷ്ടപ്പെട്ടാല്‍ ജീവിതത്തിന്റെ ശ്വാസം തന്നെ നിലച്ചു പോകുന്നതിന് തുല്യമാണ്. കടുത്ത പീഡനം സഹിക്കുന്നതിനിടെ താനൊരു വിലയില്ലാത്ത വസ്തുവാണോയെന്ന് വിസ്മയ സംശയിച്ചു പോയിട്ടുണ്ട്. വിസ്മയ കടന്നുപോയ എല്ലാ ദുരിതങ്ങളും അത് വ്യക്തമാക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

പ്രതി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ വലിയ സ്ത്രീധനം ലഭിക്കേണ്ട ആളാണ് താന്‍ എന്ന് സ്വയം കരുതി. ഇത് ഗുരുതരമായ തെറ്റാണ്. കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട എല്ലാ തെളിവുകളും ഇരയെ ആത്മഹത്യയിലേക്ക് നയിച്ചത് വളരെ ദാരുണമായ സംഭവങ്ങളായിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്.

''ഞാന്‍ വേസ്റ്റ് ആണോ ചേച്ചി?'' എന്ന് വിസ്മയ ചോദിച്ചതായി സഹോദരന്റെ ഭാര്യ നല്‍കിയ മൊഴി, ''ഇനി എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്താല്‍ ആത്മഹത്യയല്ലാതെ എന്റെ മുന്നില്‍ മറ്റു മാര്‍ഗം ഇല്ല'' എന്ന് വിസ്മയ കിരണിനോട് പറഞ്ഞപ്പോള്‍, ''നീ ചത്താല്‍ വേറെ പെണ്ണ് കെട്ടും, അപ്പോള്‍ പാട്ടക്കാറും വേസ്റ്റ് ആയ നിന്നെയും സഹിക്കേണ്ടല്ലോ എന്ന് കിരണിന്റെ മറുപടി തുടങ്ങിയ ശബ്‌സന്ദേശങ്ങളെപ്പറ്റി വിധിയില്‍ വിശദമായ പരാമര്‍ശമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com