'ഇതിലും വലിയ വിദ്വേഷ പ്രസംഗം നടത്തിയവര്‍ സ്വതന്ത്രരായി വിഹരിക്കുന്നു';പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തതില്‍ പ്രതികരണവുമായി സുരേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th May 2022 05:39 PM  |  

Last Updated: 25th May 2022 05:39 PM  |   A+A-   |  

k surendran

കെ സുരേന്ദ്രന്‍/ഫയല്‍

 

കൊച്ചി: വിദ്വേഷ പ്രസംഗം നടത്തിയതിന് പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പി സി ജോര്‍ജ് നടത്തിയതിലും വലിയ വിദ്വേഷ പ്രസംഗവും കൊലവിളിയും നടത്തിയവര്‍ സൈ്വര്യമായി വിഹരിക്കുന്നുവെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പി സി ജോര്‍ജ് കീഴടങ്ങാനെത്തിയ പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു സുരേന്ദ്രന്‍.

പി സി ജോര്‍ജിന് എതിരായ നിയമനടപടിയെ ബിജെപി ചോദ്യം ചെയ്യുന്നില്ലെന്നും എന്നാല്‍ അതിലും വലിയ കുറ്റം ചെയ്തവരെ സര്‍ക്കാരും പ്രതിപക്ഷവും സംരക്ഷിക്കുന്നതിന് എതിരെയാണ് ബിജെപിയുടെ പ്രതിഷേധമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കുമെതിരേ കൊലവിളി നടത്തിയവര്‍ സ്വതന്ത്രമായി വിഹരിക്കുകയാണ്. കുന്തിരിക്കവും അവലും മലരും കരുതി വെച്ചോളൂ എന്ന് കൊലവിളി നടത്തിയവര്‍ക്കെതിരേ നടപടിയില്ലെന്നത് ആശ്ചര്യപ്പെടുത്തുന്നു - സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ സഹായിക്കുന്നു. ആലപ്പുഴയിലെ വിവാദ മുദ്രാവാക്യം വിളിച്ചവരെ സംരക്ഷിക്കുന്നത് എന്തിനാണ്? ഒരു പേപ്പറിന്റെ പോലും സഹായമില്ലാതെ കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിക്കെതിരെ ജുവനൈല്‍ നിയമപ്രകാരം കേസെടുക്കാത്തത് എന്തുകൊണ്ടാണ് എന്നും സുരേന്ദ്രന്‍ ചോദിച്ചു. പി സി ജോര്‍ജിനെ ഒരു പ്രസംഗത്തിന്റെ പേരില്‍ വേട്ടയാടുന്നവര്‍ മറുവിഭാഗം ചെയ്ത കുറ്റങ്ങള്‍ മറച്ചുവെക്കുന്നതെന്തിനെന്ന് ചോദിക്കുന്നത് പൊതുജനമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം നീക്കം തൃക്കാക്കര തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്; പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയതിന് എതിരെ ഹൈക്കോടതിയെ സമീപിക്കും: ഷോണ്‍ ജോര്‍ജ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ