ഹജ്ജിന് പോകാന്‍ കരുതിവെച്ച ഭൂമി ലൈഫ് മിഷന്; അഭിനന്ദിച്ച് മന്ത്രി

സ്ഥലം വിറ്റ് കിട്ടുന്ന തുക കൊണ്ട് ഹജ്ജിന് പോകാനായിരുന്നു ഇവരുടെ തീരുമാനം. 
കോഴഞ്ചേരിയിലെ ഹനീഫജാസ്മിന്‍ ദമ്പതികള്‍
കോഴഞ്ചേരിയിലെ ഹനീഫജാസ്മിന്‍ ദമ്പതികള്‍


തിരുവനന്തപുരം: ഹജ്ജിന് പോകാനുള്ള പണത്തിനായി കരുതിവെച്ചിരുന്ന ഭൂമി, ഭവനരഹിതര്‍ക്ക് സംഭാവന ചെയ്ത് കോഴഞ്ചേരിയിലെ ഹനീഫജാസ്മിന്‍ ദമ്പതികള്‍. സംസ്ഥാന സര്‍ക്കാരിന്റെ 'മനസോടിത്തിരി മണ്ണ്' ക്യാമ്പയിന്റെ ഭാഗമായി 28 സെന്റ് സ്ഥലമാണ് ലൈഫ് മിഷന് ഇവര്‍ സംഭാവന ചെയ്തത്. സ്ഥലം വിറ്റ് കിട്ടുന്ന തുക കൊണ്ട് ഹജ്ജിന് പോകാനായിരുന്നു ഇവരുടെ തീരുമാനം. 

എന്നാല്‍ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കുടുംബങ്ങളുടെ വിഷമസ്ഥിതി മനസിലാക്കിയതോടെ സ്ഥലം ലൈഫ് ഭൂരഹിതരുടെ പുനരധിവാസത്തിനായി സംഭാവന ചെയ്യുകയായിരുന്നു. പത്തനംതിട്ട കിടങ്ങാനൂരിലെ ഇവരുടെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമ്മതപത്രം ഏറ്റുവാങ്ങി. ദമ്പതികളെ  തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഓരോ മനുഷ്യനെയും ചേര്‍ത്തുപിടിച്ചുള്ള സമൂഹത്തിന്റെ പ്രയാണത്തിന് ഊര്‍ജ്ജമാണിവര്‍. മാനവികതയുടെ മഹാ മാതൃക തീര്‍ത്ത ഹനീഫയെയും ജാസ്മിനെയും പോലെയുള്ളവര്‍ സമൂഹത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

മനസോടിത്തിരി മണ്ണ് ക്യാമ്പയിനിലേക്ക്  സ്‌നേഹസംഭാവനകള്‍ തുടരുകയാണ്. ലൈഫ് പദ്ധതിയില്‍ അര്‍ഹരായി കണ്ടെത്തിയ ഭൂരഹിതരായ ഭവനരഹിതരുടെ പുനരധിവാസത്തിനായി ഭൂമി കണ്ടെത്താനുള്ള പദ്ധതിയാണ് മനസോടിത്തിരി മണ്ണ്. ഇതിനകം 926.75 സെന്റ് സ്ഥലം 13 സ്ഥലങ്ങളിലായി ലൈഫ് മിഷന് ലഭ്യമായിട്ടുണ്ട്. ഇതിന് പുറമേ 30സ്ഥലങ്ങളിലായി 830.8 സെന്റ് സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിന്റെ അഭിമാനമായ അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ളവര്‍ ഭൂമി നല്‍കാന്‍ തയ്യാറായി രംഗത്തെത്തിയിരുന്നു. ഇതിന് പുറമെ 1000 പേര്‍ക്ക് ഭൂമി നല്‍കാനായി 25 കോടി രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പും ലഭ്യമായിട്ടുണ്ട്. ഹനീഫയെയും ജാസ്മിനെയും മാതൃകയാക്കി കൂടുതലാളുകള്‍ ഭൂമി സംഭാവന ചെയ്യാന്‍ രംഗത്ത് വരണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ലൈഫ് പദ്ധതിയില്‍ ആകെ 2,95,006 വീടുകള്‍ ആണ് കൈമാറിയത്.  34,374 വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. കൂടാതെ 27 ഭവന സമുച്ചയങ്ങളും നിര്‍മ്മാണത്തിലുണ്ട്. രണ്ടാം ഘട്ടം ലൈഫ് ഗുണഭോക്തൃ കരട് പട്ടിക ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിലെ എല്ലാ മനുഷ്യര്‍ക്കും സ്വന്തമായി ഭൂമിയും കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു വീടുമെന്ന സ്വപ്നം സഫലമാക്കാനുള്ള പ്രവര്‍ത്തനവുമായി സര്‍ക്കാര്‍ മുന്നോട്ട് കുതിക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍  പറഞ്ഞു. ഭൂരഹിതഭവനരഹിതര്‍ക്ക് ഭൂമിയും വീടും ഉറപ്പാക്കി കേരളം ജനകീയ ബദല്‍ മുന്നേറ്റത്തിന്റെ പുതിയ മാതൃക തീര്‍ക്കുകയാണ്. പദ്ധതിയുടെ പ്രസക്തി വിളിച്ചോതുന്നതാണ്  മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന് സമൂഹത്തില്‍ നിന്ന് ലഭ്യമാകുന്ന വര്‍ദ്ധിച്ച പിന്തുണ. ഭൂമിയില്ലാത്തവര്‍ക്ക് ഒരു തുണ്ട് ഭൂമി സമ്മാനിച്ച്, മനുഷ്യത്വത്തിന്റെ സന്ദേശവാഹകരാകാന്‍ കൂടുതല്‍ പേര്‍ രംഗത്തെത്തണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com