ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ പി സി ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ല; രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ

മത വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ
യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്

തൃശൂര്‍: മത വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ. ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ജോര്‍ജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകേണ്ട. കോണ്‍ഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബിജെപിയില്‍ പോകാതെ ജോര്‍ജിന് നിവൃത്തിയില്ലെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

ക്രിസ്ത്യാനിറ്റി എന്ന് അടിസ്ഥാനപരമായി പറയുന്നത് യേശുവിന്റെ മതബോധത്തിലും മാനുഷികതയിലും അടിത്തറയിട്ട പ്രസ്ഥാനമാണ്. ക്രൈസ്തവത്വുമായി പിസി ജോര്‍ജ് പറയുന്ന കാര്യങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് തോന്നുന്നില്ല. പി സി ജോര്‍ജിനെ നിങ്ങള്‍ക്കറിയാം. സ്ഥിരമായി നിലപാടുള്ള വ്യക്തിയായി താന്‍ മനസ്സിലാക്കുന്നില്ല. ഒരു പ്രസ്ഥാനവുമായി സഹകരിക്കുമ്പോള്‍ രണ്ട് കാര്യങ്ങള്‍ പ്രഥമികമായി നോക്കേണ്ടതുണ്ട്. ഒന്ന് ആ പ്രസ്ഥാനത്തിന്റെ താത്വിക അടിത്തറ.രണ്ടാമത് ആ അടിത്തറയില്‍ നിന്നുകൊണ്ട് എന്തുപ്രവര്‍ത്തിക്കുന്നു എന്നത്. ഈ രണ്ടുകാര്യങ്ങള്‍ പരിശോധിക്കാതെ, തന്റെ വളര്‍ച്ചയ്ക്ക് മറ്റു ഗതിയില്ലാത്തതുകൊണ്ടാണ് ചില കാര്യങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും. 

നേരത്തെയും അദ്ദേഹം ഇങ്ങനെയായിരുന്നു. ക്രൈസ്തവരുടെ ഒരു പ്രതിനിധിയായി പിസി ജോര്‍ജിനെ കാണാന്‍ സാധിക്കുമോ എന്ന് സംശയമാണ്. ക്രൈസ്തവര്‍ അടിസ്ഥാനപരമായി ഭാരതത്തിന്റെ ജനാധിപത്യം, സ്വാതന്ത്ര്യം, മത നിരപേക്ഷത തുടങ്ങിയ മൂല്യങ്ങളെ വിലമതിക്കുന്ന ആളുകളാണ്. ഈ മൂല്യങ്ങള്‍ നിഷേധിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ ശ്രമിക്കുന്നത്. അതോടു ചേര്‍ന്ന് പിസി ജോര്‍ജ് നില്‍ക്കുന്നു എന്നത് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തന ശൈലികള്‍ വെച്ച് തന്നെ അത്ഭുതപ്പെടുത്തുന്നില്ല.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com